
റ്റി.വി. ജോര്‍ജ്
“സകലവും നിവൃത്തിയായി” എന്ന ഉറച്ച ശബ്ദത്തോട് കാല്‍വറിയില്‍ ക്രിസ്തു പൂര്‍ത്തീകരിച്ച, മനുഷ്യവര്‍ഗത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തയാഗത്തോടുകൂടി, യാതൊന്നും വിശേഷവിധിയായി കൂട്ടിച്ചേര്‍ക്കുവാനുള്ള അധികാരം സഭയ്ക്കു നല്‍കപ്പെട്ടിട്ടില്ല. ആത്മരക്ഷയ്ക്കുവേണ്ടി മനുഷ്യന്‍റെ ഭാഗത്തുനിന്നും കര്‍മ്മങ്ങള്‍ ഒന്നും തിരുവെഴുത്ത് ആവശ്യപ്പെടുന്നില്ല. പുണ്യകര്‍മ്മങ്ങളാല്‍ സ്വായത്തമാക്കാവുന്ന ഒന്നല്ല രക്ഷ. പ്രത്യുത അത് വിശ്വാസത്തില്‍ മാത്രം അസ്ഥിവാരം ഉറപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് (എഫെ.2:9).
മരണാനന്തര ശേഷക്രിയകളാല്‍ ഒരാത്മാവിനും നിത്യശാന്തിയോ ദണ്ഡനമോ വിമോചനമോ, സ്വര്‍ഗ്ഗപ്രാപ്തിയോ ലഭ്യമല്ല (2കൊരി. 5:10). “അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം” പ്രതിഫലമാണ് ന്യായാസനത്തിങ്കല്‍ ലഭ്യമാകുന്നത്.
“ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും” ആകുന്നു ദൈവം സകല മനുഷ്യര്‍ക്കും നിയമിച്ചിരിക്കുന്നത് (എബ്രാ. 9:27). തങ്ങളുടെ പാപങ്ങളില്‍ മരിക്കുന്ന എല്ലാവരുടെയും ഓഹരി രണ്ടാം മരണമാകുന്നു. അഗ്നിയും ഗന്ധകവും കത്തുന്ന എന്നേക്കുമുള്ള തീപ്പൊയ്കയാകുന്നു. പാപത്തില്‍ മരിച്ചവര്‍ക്ക് മരണശേഷം പാപക്കടം സ്വയം കൊടുത്തുതീര്‍ക്കുവാന്‍ സാദ്ധ്യമല്ല. മരിച്ചവരുടെ ലഘുവായ പാപത്തിന്‍റെ പ്രായശ്ചിത്തം ജീവിച്ചിരിക്കുന്നവര്‍ക്കും അടച്ചുതീര്‍ക്കുക സാദ്ധ്യമല്ല.
ഒരാത്മാവ് ബസ്പുര്‍ക്കാനായില്‍ പ്രവേശിച്ചാല്‍ എത്ര വര്‍ഷംകൊണ്ട് ശുദ്ധീകരണം പൂര്‍ത്തിയാകുമെന്നും, എത്രനാള്‍ കഴിഞ്ഞശേഷം അവിടെ നിന്നും ദണ്ഡനമോചനം പ്രാപിക്കുമെന്നും തീര്‍ത്തുപറയുവാന്‍ സഭയ്ക്കുസാദ്ധ്യമാകാത്തിടത്തോളം ഇത് വെറും ഒരു സങ്കല്‍പലോകം മാത്രം എന്ന് വിചാരിക്കുന്നതില്‍ എന്തൈണ് തെറ്റ്?
ഒരു വ്യക്തി ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ലഭ്യമാകുന്ന പാപമോചനം സംപൂര്‍ണ്ണമായുള്ളതും, തനിക്ക് ലഭിക്കുന്ന, ക്രിസ്തുവിന്‍റെ രക്തത്താലുള്ള ശുദ്ധീകരണം സമ്പൂര്‍ണ്ണവുമാകുന്നു. “അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു” (സങ്കീ. 103:3). “അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7). ക്രിസ്തുവിനെ രക്ഷിതാവായി അംഗീകരിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ മോചിക്കപ്പെടാത്തതോ, ക്ഷമിക്കപ്പെടാത്തതോ ആയ യാതൊരു പാപവും അവശേഷിക്കുന്നില്ല. മരണത്തിന്‍റെ തണുത്ത ഹസ്തങ്ങള്‍ നിങ്ങളെ പിടിക്കുന്നതിന് മുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ച് നിത്യമായ രക്ഷ കരസ്തമാക്കുവാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സമയമുണ്ട്.
ഇടക്കാല അനുഭവം
മരണത്തില്‍ ശരീരത്തെ വിട്ടുപിരിയുന്ന ആത്മാവ് പുനരുത്ഥാനത്തില്‍ മാത്രമേ വീണ്ടും ശരീരം ധരിക്കയുള്ളു. അതുവരെ ആത്മാവിനെ നല്‍കിയിരിക്കുന്ന പാര്‍പ്പിടത്തെക്കുറിച്ച് വ്യക്തമായ വെളിപാട് തിരുവെഴുത്തില്‍ നല്‍കിയിട്ടുണ്ട്.
- ശവക്കല്ലറ, ശ്മശാനം
ശവശരീരത്തെ സംസ്കരിക്കുന്നതിന് മനുഷ്യര്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. വേദപുസ്തക ചരിത്രം പരിശോധിച്ചാല്‍ പൊതുവെ ശവശരീരം കല്ലറകളില്‍ അടക്കിയതായി കാണുന്നു. മിക്കജനവര്‍ഗ്ഗങ്ങളും ശവശരീരത്തോട് ആദരപൂര്‍വ്വമാണ് പെരുമാറുന്നത്. അമര്‍ത്ത്യതയെക്കുറിച്ചുള്ള ചിന്തയാണ് ഇതിന് കാരണം. മൃതശരീരം സംസ്കരിക്കുന്ന സ്ഥലത്തിന് എബ്രായാഭാഷയില്‍ ക്വബുറാ, ക്വബര്‍ എന്നീ പദം ഉപയോഗിച്ചിരിക്കുന്നു (ഉല്പ. 50:5). യാക്കോബിന്‍റെ അന്ത്യാഭിലാഷം “ഞാന്‍ കനാന്‍ദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ തന്നെ നീ എന്നെ അടക്കണം” എന്നായിരുന്നു. ക്വബര്‍ എന്ന പദം 71 പ്രാവശ്യം തിരുവെഴുത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇരുള്‍മൂടിയതും, അസ്ഥികള്‍ ചിതറിക്കിടക്കുന്നതും മ്ലാനത തളംകെട്ടി നില്‍ക്കുന്നതുമായ ശോകമൂകമായ ഒരിടമായിട്ടാണ് ശ്മശാനത്തെ ബൈബിള്‍ ചിത്രീകരിക്കുന്നത്. എല്ലാവരും മരിക്കുമ്പോള്‍ അവരുടെ ശരീരം ഈ കുഴിമാടത്തിലേക്ക് പോകുന്നു. എന്നാല്‍ ആരുടെയും ആത്മാവ് അവിടേക്കു പോകാതെ വ്യത്യസ്ത ഇടങ്ങളില്‍ എത്തിച്ചേരുന്നു. അതിനാല്‍ കുഴിമാടത്തിങ്കല്‍ അര്‍പ്പിക്കുന്ന ശേഷക്രിയകളും പ്രാര്‍ത്ഥനകളും മരിച്ചവരെ സംബന്ധിച്ചിടത്തോളം നിരര്‍ത്ഥകമാകുന്നു.
ഷിയോള്‍-ഹേഡിസ്-പാതാളം
മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ ആത്മാവ് ഷിയോളിലേക്ക് പോകുന്നു എന്ന് പഴയനിയമം പറയുന്നു. പഴയനിയമത്തിന്‍റെ ഗ്രീക്കു വിവര്‍ത്തനമായ സെപ്റ്റുവെജന്‍റിന്‍ ആ പദം ഹേഡീസ് എന്ന് ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ലീഷ് വിവര്‍ത്തകര്‍ വിവേചനം കൂടാതെ ഈ പദം ഹെല്‍ (നരകം) എന്ന് പരിഭാഷ ചെയ്തു. ഒരിക്കലും നരകം എന്ന് ആ പദത്തെ പരിഭാഷപ്പെടുത്തിക്കൂടാ. ഷിയോള്‍ എന്ന എബ്രായപദം 65 പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. സാധാരണ ഇംഗ്ലീഷ് ബൈബിളില്‍ ഈ പദം 31 പ്രാവശ്യം ശവക്കുഴി എന്നും, 31 പ്രാവശ്യം നരകം എന്നും; 3 പ്രവശ്യം കുഴി എന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഷിയോള്‍, ഹേഡിസ് എന്നീ പദങ്ങള്‍ ശവക്കല്ലറയെ അര്‍ത്ഥമാക്കുന്നില്ല. പുതിയനിയമത്തില്‍ ശവക്കല്ലറയ്ക്ക് ഉപയോഗിക്കുന്ന ഗ്രീക്കുപദം ‘മ്നെമിയോന്‍’ എന്നാകുന്നു. “മരിച്ചവരുടെ അദൃശ്യമായ വാസസ്ഥലമാണ് ‘ഷിയോള്‍’ എന്ന് ഡോ. സ്ട്രോങ്ങ് പറയുന്നു. ‘അദൃശ്യാവസ്ഥ’ എന്നാണ് യങ്സ് കണ്‍കോര്‍ഡന്‍സിലെ നിര്‍വചനം. അദൃശ്യലോകത്തിലുള്ള ഈ വാസസ്ഥലം ഭൂഗര്‍ഭത്തിലായിരിക്കുമെന്നാണ് വേദപണ്ഡിത മതം.
ഹേഡിസ് (ഷിയോള്‍) എന്ന പദത്തെ പഴയനിയമത്തില്‍ പാതാളം എന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്‍റെ കോപത്താല്‍ തീ ജ്വലിച്ച് പാതാളത്തിന്‍റെ ആഴത്തോളം കത്തും’ (ആവര്‍ത്ത. 32:22). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്ക് തിരിയും (സങ്കീ. 9:17). യേശുവിന്‍റെ മരണത്തെക്കുറിച്ച് ദാവീദ് പ്രവചിച്ചു: ‘നീ എന്‍റെ പ്രണനെ പാതാളത്തില്‍ വിടുകയില്ല, നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കുകയുമില്ല’ (സങ്കീ. 16:10). അക്ഷരികമായി ഈ പ്രവചനം ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ നിവൃത്തിയായി.
മുകളില്‍ പറഞ്ഞ വചനത്തില്‍ പ്രഥമദൃഷ്ട്യാ പാതാളം മരിച്ചവരുടെ ആത്മാക്കളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു താത്കാലിക തടങ്കല്‍ സ്ഥലമാണ്. എന്നാല്‍ നീതിമാന്മാര്‍ക്കും ദുഷ്ടന്മാര്‍ക്കും പാതാളത്തില്‍ വ്യത്യസ്ത സ്ഥലമുണ്ട് എന്ന ആശയവും ഇവിടെ ധ്വനിക്കുന്നുണ്ട്.
പുതിയനിയമത്തില്‍ ഹേഡിസ് എന്ന ഗ്രീക്കുപദം പതിനൊന്നു പ്രാവശ്യം ചില സംഭവങ്ങളോടുള്ള ബന്ധത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അതില്‍ മൂന്നു പ്രാവശ്യം അത് ദണ്ഡനത്തിന്‍റെ സ്ഥലമാണെന്നു സൂചിപ്പിരിക്കുന്നു. (മത്താ. 11:23; ലൂക്കോ. 10:15; 16:23). അപ്പോള്‍ത്തന്നെ വിശ്വാസിയും അവിശ്വാസിയും മരണാനന്തരം എത്തിച്ചേരുന്ന സ്ഥലമാണെന്നു പറയുന്നു (മത്താ. 16:18; അ.പ്ര. 2:27, 1 കൊരി. 15:55; വെളി. 1:18; 6:8; 20:13, 14).