വേദിക് ബോര്‍ഡിനായി ആലോചന

ന്യൂഡല്‍ഹി: സ്കൂള്‍ പാഠ്യപദ്ധതിയില്‍ വേദപഠനം പ്രധാന വിഷയങ്ങളിലൊന്നാക്കാനും ഇതിനായി സി.ബി.എസ്.ഇ. മാതൃകയില്‍ വേദിക് ബോര്‍ഡ് രൂപവത്കരിക്കാനും ആലോചന. ആര്‍. എസ്.എസ്. നിര്‍ദേശപ്രകാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് പദ്ധതി തയ്യാറാക്കുന്നത്. എന്നാല്‍, വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.
വേദപഠനം പ്രോത്സാഹിപ്പിക്കുക, വേദപാഠശാലകളിലെ വിദ്യാഭ്യാസം സമഗ്രമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബോര്‍ഡിന് രൂപം കൊടുക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. ഭാരതീയ വിജ്ഞാനവ്യവസ്ഥ അടിസ്ഥാനമാക്കി ഭാരതീയ ശിക്ഷാ ബോര്‍ഡ് രൂപവത്കരിക്കാന്‍ ബാബാ രാംദേവിന്‍റെ പതജ്ഞലിക്ക് മന്ത്രാലയം കഴിഞ്ഞവര്‍ഷം അനുമതിനല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.
സര്‍ക്കാര്‍ നിലവില്‍ സി.ബി.എസ് .ഇ യും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിങ്ങും നടത്തുന്നുണ്ടെന്നും മറ്റൊരു ബോര്‍ഡിന്‍റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് എതിര്‍ക്കുന്നത്. വേദങ്ങളെ അടിസ്ഥാനമാക്കിയ മൂല്യബോധപാഠങ്ങള്‍ (വാല്യൂ എജുക്കേഷന്‍)ക്ക് നിലവിലുള്ള ബോര്‍ഡുകള്‍ പ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ പ്രത്യേകം ബോര്‍ഡ് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.