ഏയ്, എന്താണൊന്നും മിണ്ടാത്തത്…

പാശ്ചാത്യരാജ്യങ്ങളിലേതുപോലെ കേരളത്തിലും കുടുംബം ഇല്ലാതാകുന്നു. കുടുംബസങ്കല്പങ്ങളിലുള്ള മാറ്റം മറിച്ചിലുകള്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനവും, കുടുംബക്കോടതികളില്‍ ക്രമാതീതമായി പെരുകുന്ന വ്യവഹാരങ്ങളും, ആത്മഹത്യകളുമെല്ലാം തകര്‍ന്നു തരിപ്പണമായ കേരളീയ കുടുംബങ്ങളുടെ പരിഛേദങ്ങളാണ്.
അഗ്നിപര്‍വതംപോലെ പൊട്ടിത്തെറിയുടെ വക്കിലാണ് പലകുടുംബങ്ങളും. ആത്മാഭിമാനത്തിന്‍റെ പേരില്‍ പലതും പുറത്തറിയിക്കാതെ മൂടിവയ്ക്കാന്‍ ശ്രമിക്കുമ്പോഴും ശിഥിലമായ കുടുംബാന്തരീക്ഷത്തിന്‍റെ വിഴുപ്പലക്കലുകള്‍ അങ്ങാടിപ്പാട്ടാകുന്നു. പത്തുവര്‍ഷം മുമ്പ് നിലനിന്ന കുടുംബാന്തരീക്ഷമല്ല ഇന്ന് കേരളത്തിലുള്ളത്.
മലയാളികളുടെ സാംസ്കാരിക തേജസ്സായിരുന്നു സുദൃഢമായ കുടുംബബന്ധങ്ങള്‍. നമ്മുടെ ബന്ധങ്ങളുടെ ഇഴയടുപ്പം പാശ്ചാത്യര്‍ക്ക് കൗതുകവും ആശ്ചര്യവുമായിരുന്നു.
പലവിദേശരാജ്യങ്ങളിലെയും ദാമ്പത്യബന്ധങ്ങള്‍ക്ക് ദീര്‍ഘായുസുണ്ടാകാറില്ല. ചെറിയ ഒരു പൊരുത്തക്കേടുപോലും വിവാഹമോചനത്തിന് കാരണമാകാം. ഭര്‍ത്താവിനെയോ, ഭാര്യയെയോ മാറുന്നത് വസ്ത്രം മാറുന്ന ലാഘവത്തോടെയാണ്. നമ്മുടെ സദാചാരബോധമോ, കുടുംബസങ്കല്പമോ ഒന്നും പാശ്ചാത്യര്‍ക്ക് ദഹിക്കില്ല. വിദേശവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന മലയാളിക്കുട്ടികള്‍ സഹപാഠികളില്‍ നിന്നും നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്- “ഇപ്പോഴും നിന്‍റെ അമ്മയുടെ ഭര്‍ത്താവ് നിന്‍റെ സ്വന്തം അച്ഛന്‍ തന്നെയാണോ?”
പാശ്ചാത്യരീതികള്‍ അനുകരിക്കുന്നത് അഭിമാനമായി കാണുന്നവര്‍ നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുകയാണ്. വസ്ത്രവും, ഭക്ഷണവും മാത്രമല്ല ബന്ധങ്ങള്‍ക്കുപോലും ഒരു ‘ഫോറിന്‍സ്റ്റെല്‍’ പരീക്ഷിക്കാന്‍ പലരും തയ്യാറാകുന്നു. സ്വാര്‍ത്ഥതയുടെ തുരുത്തുകള്‍ ഉണ്ടാക്കി ഉള്‍വലിഞ്ഞ് ജീവിക്കാനാണ് മിക്കവര്‍ക്കുമിഷ്ടം. ആര്‍ക്കും ആരോടും കടപ്പാടുകളുണ്ടാകുന്നതും ഉണ്ടാക്കുന്നതും ഇഷ്ടമല്ല. സ്വന്തം കാര്യങ്ങള്‍ മാത്രമാണ് പ്രധാനം. സ്വയസ്നേഹികളായി നാം മാറുന്നു.
കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു കേരളത്തില്‍ നിലനിന്നിരുന്നത്. കാലാന്തരത്തില്‍ അതു നഷ്ടമായെങ്കിലും കുടുംബ ബന്ധങ്ങള്‍ പവിത്രമായി കാണുന്നവരായിരുന്നു മലയാളികള്‍. കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് ജീവിക്കുക മാത്രമല്ല, സന്തോഷവും സന്താപവുമെല്ലാം പരസ്പരം പങ്കുവയ്ക്കുന്നതിലും അവര്‍ മടികാട്ടിയില്ല. എന്നാല്‍ ഇന്നു സ്ഥിതിയാകെ മാറി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തന്നെ കുറഞ്ഞു. മ ക്കള്‍ കണ്ടെത്തുന്ന, ഇടപഴകുന്ന ആധുനിക കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് മനസിലാകില്ലെന്നാണ് മക്കളുടെ ചിന്ത. തങ്ങള്‍കൂടി പങ്കാളികളാകുന്ന, പഠനവിധേയമാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മാതാപിതാക്കള്‍ അറിഞ്ഞിട്ടോ, അവരോട് ചര്‍ച്ച ചെയ്തിട്ടോ യാതൊരു പ്രയോജനവുമില്ലെന്നാണ് മക്കളുടെ വിചാരം.
മക്കള്‍ ചെയ്യുന്നത് പലതും എടുത്തുചാട്ടങ്ങളാണെന്നും, തങ്ങളുടെ അത്രയും കഴിവുകളോ പ്രാപ്തിയോ അവര്‍ക്കില്ലെന്നുമാണ് പല മാതാപിതാക്കളുടെയും ധാരണ. താന്‍ ചെയ്താലേ കാര്യങ്ങള്‍ ഭംഗിയാകൂ എന്നാണ് മിക്ക മാതാപിതാക്കളുടെയും പിടിവാശി. മക്കളെത്ര നന്നായി കാര്യങ്ങള്‍ ചെയ്താലും ന്യൂനതകളുണ്ടാകുമെന്ന ആശങ്കയാണ് മിക്ക രക്ഷിതാക്കള്‍ക്കുമുള്ളത്.
ഇത്തരം ചിന്താഗതികളുടെ സംഘട്ടനമാണ് പല കുടുംബാന്തരീക്ഷങ്ങളിലും അപസ്വരങ്ങളുടെ തുടികൊട്ടുണര്‍ത്തുന്നത്. പരസ്പരം സംസാരിക്കാന്‍ പൊതുവായ ഒരു വിഷയം കണ്ടെത്തുക തന്നെ ദുഷ്കരം. സംസാരങ്ങള്‍ കഴിവതും ഒഴിവാക്കി നാളത്തേക്കുള്ള ജോലി ഇന്നേ ചെയ്തു തീര്‍ക്കാന്‍ വെമ്പുകയാണ് നാം. കാരണം ഒന്നാമതെത്താനുള്ള ഓട്ടത്തിനിടയില്‍ സമയം നഷ്ടമാക്കിക്കൂടാ. മാതാപിതാക്കളും മക്കളും തമ്മില്‍ അധികം സംസാരിക്കുന്നത് കുട്ടികളുടെ പഠനത്തെ ദോഷമായി ബാധിക്കാം എന്നാണ് ചിലരുടെ ചിന്ത. മുത്തശ്ശനോ, മുത്തശ്ശിയോ മറ്റോ പേരക്കിടാവിന്‍റെ അടുത്തെത്തി എന്തെങ്കിലും കഥപറഞ്ഞുതുടങ്ങിയാല്‍ കണ്ണുരുട്ടി ‘പഠിക്കാനൊന്നുമില്ലേ നിനക്ക്’ എന്നു ചോദിക്കുന്ന മാതാപിതാക്കളും കുറവല്ല. പ്രായമുള്ളവരുടെ നേരമ്പോക്കുകള്‍കേട്ട് സമയം നഷ്ടമാക്കിയാല്‍ ക്ലാസ്സില്‍ പിന്‍തള്ളപ്പെടുമെന്നാണ് മാതാപിതാക്കളുടെ ഭയം. പരീക്ഷയില്‍ മക്കളെ ഒന്നാമതെത്തിക്കാന്‍ ജീവിത രീതികളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പലരും ചിന്തിക്കുന്നു. കുടുംബാംഗങ്ങളിലാരോടും അധികം സംസാരിക്കാത്ത കുട്ടി കമ്പ്യൂട്ടര്‍ ഗെയിമുകളിലും, ഇന്‍റര്‍നെറ്റിന്‍റെ മാസ്മരിക ലോകത്തും ഒക്കെ ആനന്ദം കണ്ടെത്തുന്നു. കുടുംബാംഗങ്ങളോടുണ്ടാകേണ്ട അടുപ്പം വീടിനപ്പുറത്തേയ്ക്കു നീളുന്നു. ഭാര്യാഭര്‍ത്തൃബന്ധങ്ങളിലെ താളപ്പിഴ കേരളത്തില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. പരസ്പരം മനസ്സിലാക്കി ഇടപെടുക എന്നത് പഴകിത്തുരുമ്പിച്ച ആചാരംപോ ലെ പലരും കണക്കാക്കുന്നു. പല തീരുമാനങ്ങളിലും തുല്യപങ്കാളി എന്ന സ്ഥാനം ഭാര്യയ്ക്കോ, ഭര്‍ത്താവിനോ ലഭിക്കാറില്ല. കുടുംബം കൂടുതല്‍ ഭദ്രമാക്കുവാനുള്ള തത്രപ്പാടില്‍ പരസ്പരബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുവാന്‍ പലരും മറക്കുന്നു. എങ്ങനെയെങ്കിലും പണമുണ്ടാക്കി, കൂടുതല്‍ സുഖസൗകര്യങ്ങള്‍ നേടണമെന്ന ചിന്തയില്‍ വിശ്രമമില്ലാത്ത ദിനരാത്രങ്ങളുമായി മല്ലടിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് മനസു തുറന്നൊന്ന് സംസാരിക്കാന്‍പോലും സമയമില്ല. അവധി ദിവസങ്ങളിലും ‘ഓവര്‍ ടൈം ജോലി’ ചെയ്ത് കൂടുതല്‍ പണമുണ്ടാക്കാനാണ് ശ്രമം.
പരസ്പരം താങ്ങും തണലുമാകേണ്ട ഭാര്യാ ഭര്‍ത്താക്കന്മാര്‍ ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള ഓട്ടത്തിനിടയില്‍ അന്യോന്യമുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും മറക്കുന്നു. ജോലിയിലെ പിരിമുറുക്കങ്ങള്‍ കുടുംബത്തിലേക്കും നീളുന്നു. ജോലി ഭാരവുംപേറി ക്ഷീണിച്ചവശയായി വരുന്ന ഭാര്യ, വീട്ടുജോലിയും കൂടി ചെയ്യുമ്പോഴേക്കും നന്നായി അവശയാകും. ഓഫീസില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് ഏറെ വൈകി വരുന്ന ഭര്‍ത്താവിന് കിന്നാരം പറയാന്‍ എപ്പോഴാണ് നേരമുള്ളത്. ഞായറാഴ്ചകളിലെ ആരാധനയ്ക്കുശേഷമുള്ള സമയം സഭാകാര്യങ്ങള്‍ക്കും, സാമൂഹിക കാര്യങ്ങള്‍ക്കും നീക്കിവയ്ക്കുന്ന ഭര്‍ത്താവിനോടുള്ള പരിഭവം ഉള്ളിലൊതുക്കി കഴിയുന്ന ഭാര്യമാര്‍ക്ക് ദാമ്പത്യജീവിതം ബന്ധനം തന്നെയാണ്.
വൃദ്ധമാതാപിതാക്കള്‍ മക്കള്‍ക്കൊരു ഭാരമാണിന്ന്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് പ്രവര്‍ ത്തിക്കാന്‍ മിക്കവര്‍ക്കുമാവുന്നില്ല. ഭാര്യയോടും മക്കളോടുമൊപ്പം സമയം ചിലവഴിക്കാന്‍ സന്മനസില്ലാത്തവര്‍ക്ക് വൃദ്ധമാതാപിതാക്കളോട് വര്‍ത്തമാനം പറയാന്‍ എപ്പോഴാണ് നേരമുള്ളത്? ഉള്ളു തുറക്കാന്‍ ആരെയെങ്കിലുമൊന്ന് കിട്ടണമെന്ന് വ്യാമോഹിച്ച് മാനസിക നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കുന്ന എത്രയെത്ര ജന്മങ്ങളാണ് നമ്മുടെ ഒക്കെ വീടുകളില്‍ ജീവിതസായാഹ്നങ്ങള്‍ തള്ളിനീക്കുന്നത്. ജീവിത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചമാകുന്നതിനിടയില്‍ വൃദ്ധരെ പരിചരിക്കാന്‍ പലര്‍ക്കും സമയമില്ലാതാകുന്നു. ജോലി സൗകര്യങ്ങള്‍ക്കായി മക്കള്‍ പുതിയ വാസസ്ഥലങ്ങള്‍ കണ്ടെത്തുമ്പോള്‍ സ്വന്തം വീടുപേക്ഷിച്ച് മക്കളോടൊപ്പം അവരുടെ വീടുകളില്‍ താമസിക്കാന്‍ വൃദ്ധമാതാപിതാക്കള്‍ മടി കാട്ടുന്നു.
കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന വൃദ്ധമന്ദിരങ്ങള്‍ വൃദ്ധരോടുള്ള മക്കളുടെ സമീപനങ്ങളുടെ സാക്ഷിപത്രങ്ങളാണ്. മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിലാക്കി ‘ഉത്തരവാദിത്വം’ നിറവേറ്റുന്നതില്‍ പലരും സംതൃപ്തി കണ്ടെത്തുന്നു.
ആസന്നഭാവിയില്‍ കുടുംബസങ്കല്പങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടായി കേരളത്തിലെ കുടുംബങ്ങള്‍ക്ക് പുതുരൂപം ഉണ്ടാകും. ഇന്നത്തെ കുടുംബ വ്യവസ്ഥിതി ഉടച്ചുവാര്‍ക്കപ്പെടും. കുടുംബം എന്നൊന്ന് ഇല്ലാതാകുമോ എന്നുപോലും സന്ദേഹിക്കേണ്ടിയിരിക്കുന്നു. ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ വ്യക്തികേന്ദ്രീകൃതമായ വ്യവസ്ഥിതിയിലേക്ക് നയിക്കും. വ്യക്തികള്‍ എന്നത് ഏകവചനത്തിലേയ്ക്കു ചുരുങ്ങും.
കുടുംബബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കുന്ന പഠിപ്പിക്കലുകള്‍ക്ക് സഭകളും സാമൂഹിക സംഘടനകളും മുന്‍തൂക്കം നല്‍കണം. ഇല്ലെങ്കില്‍ കുടുംബബന്ധങ്ങളുടെ ശവപ്പറമ്പായി നമ്മുടെ കൊച്ചു കേരളവും മാറ്റപ്പെടാം.

വിജോയ് സ്കറിയ പെരുമ്പെട്ടി