മറ്റൊരാളില്‍ ഞാന്‍!

വിജോയ് സ്കറിയ പെരുമ്പെട്ടി
ചിലപാദമുദ്രകളുടെ തണല്‍പറ്റിയാണ് നമ്മുടെയൊക്കെ നടത്തം. ആ അടയാളങ്ങള്‍ പിന്‍തുടരുക എന്നതിനപ്പുറം ലക്ഷ്യങ്ങളൊന്നും പലര്‍ക്കുമില്ല. ഏതോ ചൂണ്ടുവിരലിന്‍റെ ആജ്ഞാശക്തിയില്‍ നമ്മള്‍ നിര്‍വികാരരായി നടന്നുകൊണ്ടേയിരുന്നു. യാത്ര വിരസമായപ്പോഴും നമ്മള്‍ ആ അടയാളങ്ങളില്‍ നിന്നു വ്യതിചലിച്ചില്ല.
അതുകൊണ്ടുതന്നെയാവും നമ്മുടെ സ്വത്വത്തെ നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയാതെ പോവുന്നത്. പലപ്പോഴും ‘ഞാന്‍’ മറ്റൊരാള്‍ തന്നെയായിരുന്നു. മറ്റൊരാളില്‍ ‘ഞാന്‍’ ജീവിക്കുന്നതും കണ്ടു.
പക്ഷേ, ചിലപ്പോഴൊക്കെ ചിന്തിച്ചുപോവാറില്ലേ, ഇതു മാത്രമാണോ ജീവിതമെന്ന്? പൂക്കളിലും മരങ്ങളിലും ജീവജാലങ്ങളിലുമൊക്കെയുള്ള വൈവിധ്യം പ്രകൃതിയെ ഏറെ മനോഹരിയാക്കുന്നതുപോലെ നമ്മുടെയീ ജീവിതത്തിനും മറ്റൊന്നില്‍ നിന്നും വ്യതിരിക്തമായ, അതിന്‍റേതു മാത്രമായ ചില വഴികളില്ലേ? ആ വഴികള്‍ കണ്ടെത്താന്‍ കഴിയാതെ പോവുമ്പോഴല്ലേ നമ്മുടെ ജീവിതം വല്ലാതെ നിരര്‍ത്ഥകമാവുന്നത്.
സ്വന്തം വഴികള്‍ കണ്ടെത്തുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുന്നതെന്തുകൊണ്ടാണ്? ഒരു പക്ഷേ, അത്രത്തോളം നമ്മള്‍ സ്വയം തിരിച്ചറിയുന്നില്ല എന്നതാവും വാസ്തവം. സ്വയം ചിന്തിക്കാന്‍, ജീവിക്കാന്‍ പ്രാപ്തിനേടാതെ നമ്മള്‍ മറ്റു പലരുടെയും ജീവിതവഴികളില്‍ അഭയം തിരയുകയാണ്.
ഇനിയും ചിലപ്പോള്‍ വേറിട്ട വഴികളിലെ ഓരോ പാദസ്പര്‍ശവും നമുക്ക് പൊള്ളുന്നതായി തോന്നി. എതിര്‍പ്പുകളുടെ കുത്തൊഴുക്കില്‍ പലപ്പോഴും നമുക്ക് സ്വയം നഷ്ടമായി. പരാജയത്തിന്‍റെ സ്പര്‍ശമറിഞ്ഞ് നമ്മള്‍ തണുത്തുറഞ്ഞു.
നമ്മുടെ ഇച്ഛാശക്തി തീവ്രമായിരുന്നില്ലെന്ന് ഓരോ പരാജയങ്ങളും നമ്മെ ഓര്‍മ്മിപ്പിച്ചു. പരാജയ ഭീതിയോടെ ഉറയ്ക്കാതെപോയ നമ്മുടെ കാല്‍വയ്പുകളില്‍ കാല്‍ക്കീഴിലെ മണല്‍പോലും കടലെടുത്തു പോയി. ചെറിയ ചെറിയ പ്രതിസന്ധികള്‍പോലും നമ്മുടെ ദിശകളെ തിരിച്ചുവിടാന്‍ പര്യാപ്തമായിരുന്നു.
കൊടുങ്കാറ്റില്‍ ആടിയുലയുന്ന പെരുമരംപോലെ നമ്മള്‍ ജീവിത പ്രതിസന്ധികളില്‍ പതറി നിന്നു. ജീവിതത്തിലെ ഓരോ പരീക്ഷണ നിമിഷങ്ങളിലും മനസ് അസ്വസ്ഥമായി. ചിന്തകള്‍ക്ക് ഭാരമേറുന്നത് നമ്മെ കൂടുതല്‍ ഉത്കണ്ഠാകുലരാക്കി. എങ്കിലും തകര്‍ന്നുതരിപ്പണമാകാതെ നമ്മെ താങ്ങി നിര്‍ത്തിയ ശക്തിയ്ക്കുമുന്നില്‍ അഭയം തേടി യ സന്ദര്‍ഭങ്ങള്‍ മറക്കാനാകുമോ?
മറ്റൊരാളാകാന്‍ ശ്രമിക്കുന്നതിനിടയില്‍ പരാജയത്തിന്‍റെ കയ്പുനീര്‍ നമ്മള്‍ ധാരാളം പാനം ചെയ്തു. നമ്മളാകാന്‍ നമ്മള്‍ ശ്രമിക്കാഞ്ഞതാണ് പ്രശ്നങ്ങളുടെയെല്ലാം മൂലകാരണമെന്ന് വൈകിയെങ്കിലും നാമറിഞ്ഞു. നഷ്ടമായ ജീവിതനിമിഷങ്ങള്‍ തിരികെ ലഭിക്കില്ലെന്ന നഷ്ടബോധം പലപ്പോഴും വേദന നല്‍കുന്നു. പക്ഷേ, പുതിയ പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കാന്‍ ജീവിതത്തിന്‍റെ വിഭിന്ന വഴികളിലൂടെ യാത്ര ചെയ്യണമെന്ന പാഠവും നമ്മളറിഞ്ഞു. പാഠഭേദങ്ങളുള്ള ജീവിത വഴികള്‍ക്ക് മുള്ളിന്‍റെയും പൂവിന്‍റെയും സുഖമുള്ള നോവുകള്‍ സമ്മാനിക്കാനേ കഴിയൂ എന്ന് മനസ് മന്ത്രിക്കുന്നു.

വിജോയ് സ്കറിയ പെരുമ്പെട്ടി