സ്വാര്‍ത്ഥതയെന്നു പേരിട്ടാലോ . . .

വിജോയ് സ്കറിയ പെരുമ്പെട്ടി
ജീവിതത്തിലേയ്ക്ക് നാം പെറു ക്കിക്കൂട്ടിയ എന്തിലൊക്കെയോ ആരുടെയൊക്കെയോ മനസുകള്‍ പറ്റിക്കൂടിയിട്ടുണ്ടാവാം. ആഗ്രഹങ്ങള്‍ ചെന്നണയുന്നവയൊക്കെ കൈവെള്ളയില്‍ കിട്ടണമെന്ന ദു:ശാഠ്യത്തെ സ്വാര്‍ത്ഥതയെന്നാണോ വിളിക്കേണ്ടത്? ഒന്നും ഉപേക്ഷിക്കാനാവാത്ത നിസ്സഹായത ഒരര്‍ത്ഥത്തില്‍ ഭീകരം തന്നെയാണ്. ആരുടെയൊക്കെയോ ജീവിതത്തിന്‍റെ ഭാഗങ്ങള്‍ പറിച്ചെടുത്ത് സ്വന്തം ജീവിതം നിറയ്ക്കുന്നതിനിടയില്‍ പൊഴിഞ്ഞു വീഴുന്ന കണ്ണീരുകള്‍, ഉതിരുന്ന നിശ്വാസങ്ങള്‍… പലതും കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നു.
എന്നുമുതലാണ് ഈ സ്വാര്‍ ത്ഥത ജീവിതത്തിനുമേല്‍ നീരാളിക്കൈകള്‍ ആഴ്ത്തി തുടങ്ങിയത്? ഒരുപക്ഷേ, ഓര്‍മവയ്ക്കുന്നതിനും മുന്‍പ് എന്നോ ആവാം. അമ്മയുടെ സ്നേഹവും മടിത്തട്ടും പങ്കിടാന്‍ എത്തിയ കൊച്ചുപെങ്ങളോട് തോന്നിയ ഇഷ്ടക്കേടില്‍ നിന്ന് ആവാം തുടക്കം. അമ്മയുടെ മടിയിലെ പഴയ അവകാശം പുതിയൊരാള്‍ സ്വന്തമാക്കിയപ്പോള്‍, അച്ഛന്‍റെ വിരല്‍തുമ്പിന് പുതിയൊരു അവകാശിയുണ്ടായപ്പോള്‍ കുഞ്ഞുമനസില്‍ തോന്നിയ അസ്വസ്ഥത . . . . സ്വാര്‍ത്ഥതയായിരുന്നിരിക്കാം. സ്വന്തമായിരുന്നതൊക്കെ പങ്കിട്ടെടുക്കാനുള്ള മടി.
സ്വാര്‍ത്ഥതയുടെ പേടിപ്പെടുത്തുന്ന മുഖങ്ങള്‍ കണ്ട് എത്രയോ വട്ടം നാം നിസ്സഹായരാകുന്നു. അങ്ങനെ ചില അനുഭവങ്ങള്‍ക്കു മുന്‍പില്‍ നാമൊക്കെ വല്ലാതെ പകച്ചു നിന്നിട്ടില്ലേ. സ്വന്തമെന്ന് കരുതുകയും വിശ്വസിപ്പിക്കുകയും ചെയ്തവര്‍ ഏത് നിമിഷവും ഒറ്റിക്കൊടുക്കാമെന്ന ബോധ്യം എത്രയോ രാത്രികളെ നിദ്രാവിഹീനമാക്കി. സ്നേഹമെന്ന തെറ്റിദ്ധാരണയാല്‍ ജീവിതം തന്നെ പകുത്തു നല്‍കിയവര്‍ക്ക് നേട്ടങ്ങളിലേയ്ക്കുള്ള ചവിട്ടുപടികള്‍ മാത്രമാണ് നാമെന്ന തിരിച്ചറിവ് എത്രയോ വട്ടം ഏറ്റു വാങ്ങേണ്ടി വന്നു. ഒപ്പം നടക്കുമ്പോഴും പിന്നില്‍ നിന്ന് കുത്തി വീഴ്ത്തപ്പെട്ടേക്കാമെന്ന ചിന്ത തന്നെയാണ് വിശ്വാസത്തിന്‍റെ അവസാനത്തെ കണികപോലും ഇല്ലാതാക്കിയത്.
എന്നിട്ടും ജീവിതത്തില്‍ നിന്ന് പിന്തിരിഞ്ഞ് നടക്കാതിരിക്കാന്‍ എന്തൊക്കെയോ ചിലത് ബാക്കിയായി. ഒരു തിരിനാളം പോലെ, പാഥേയം പോലെ . . . . മുലപ്പാലിനൊപ്പം സ്നേഹവും ജീവിതവും ചുരത്തി നല്‍കുന്ന മാതൃത്വത്തിന്‍റെ സ്നിഗ്ധഭാവം പോലെ… എന്തൊക്കെയോ. പൊയ്മുഖങ്ങള്‍ക്കു മുന്‍പില്‍, ജീവിതത്തെ തന്നെ പിച്ചിച്ചീന്താന്‍ കെല്‍പുള്ള സ്വാര്‍ത്ഥതയുടെ കൂര്‍ത്ത നഖങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ അവയൊക്കെയാണല്ലോ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിച്ചത്.
എന്നിട്ടും ഈ സ്വാര്‍ത്ഥതയില്ലാതെ സ്നേഹം പൂര്‍ണ്ണമാവുന്നില്ലല്ലോ. സ്നേഹം പങ്കിട്ടു പോവുന്നുവെന്ന അസഹിഷ്ണുതകള്‍ പോലും അതുകൊണ്ടാണല്ലോ ഇഷ്ടക്കേടുകള്‍ ആയി മാറാത്തത്. അത്തരം പരിഭവങ്ങള്‍ നമുക്ക് ആസ്വദിക്കാനാവുന്നതും മറ്റൊന്നു കൊണ്ടുമല്ലല്ലോ. ‘ഒരു തിരിയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് പകരുമ്പോള്‍ അണഞ്ഞു പോവുന്നതല്ലല്ലോ സ്നേഹമെന്ന്’ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും മനസ് അറിയാതെ വികൃതിയായ കൊച്ചു കുട്ടിയെപ്പോലെ ശാഠ്യം പിടിക്കും. ചിലതൊക്കെ തന്‍റേതു മാത്രമാവണമെന്ന്. ഇത്തരം കൊച്ചു കൊച്ചു ശാഠ്യങ്ങളെ നാം മനസില്‍ താലോലിച്ചു പോവുന്നു. കാരണം, നാമൊക്കെ വല്ലാതെ സ്വാര്‍ത്ഥരാണല്ലോ.

വിജോയ് സ്കറിയ പെരുമ്പെട്ടി