ആ പ്രസരിപ്പുള്ള ഓര്‍മ്മകള്‍ക്ക് തിളക്കമേറുന്നു

സി.റ്റി.ജോണിക്കുട്ടി

സുവിശേഷകന്‍ വി.എം. ജോണിന്‍റെ ആകസ്മിക വേര്‍പാട് ഒരുപാട് ഓര്‍മകള്‍ അവശേഷിപ്പിക്കുന്നു. ഭൗതിക ശരീരം മണ്ണ് ഏറ്റുവാങ്ങിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും അദ്ദേഹവുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന ഒരു സുവിശേഷകന്‍ എന്ന നിലയില്‍ ആ പ്രസരിപ്പുള്ള ഓര്‍മ്മകള്‍ക്ക് തിളക്കം വര്‍ദ്ധിച്ചുവരുന്നു. പ്രസിദ്ധ സുവിശേഷകന്‍ വള്ളിയില്‍ മത്തായിയുടെ സീമന്തപുത്രനായിരുന്നു സുവി. വി.എം. ജോണ്‍. കര്‍ത്തൃമഹത്വത്തിനായി ഒരു ആയുസ്സ്കൊണ്ട് തന്നാല്‍ ആവോളം അദ്ധ്വാനിച്ച ദൈവഭൃത്യനാണ് വി.എം.ജോണ്‍.
മിലിട്ടറി സര്‍വ്വീസിനുശേഷം നാട്ടിലെത്തിയ അദ്ദേഹം പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. റാന്നിയുടെ കിഴക്കന്‍ മേഖലയിലെ കക്കുടുമണ്ണില്‍ ഒരു സഭാകൂടിവരവ് രൂപം കൊള്ളാനും വളരാനും ദൈവം ഉപയോഗിച്ചത് അദ്ദേഹത്തേ യായിരുന്നു.
വേദഅധ്യാപകന്‍, സഭാ ശുശ്രൂഷകന്‍, സുവിശേഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ തുടങ്ങി തന്നില്‍ അര്‍പ്പിതമായ താലന്തുകള്‍ ഫലകരമായി താന്‍ വ്യാപാരം ചെയ്തു. വ്യക്തിപരമായി സഹോദരന്മാരെ ആത്മീയവും ഭൗതീകവുമായി പ്രോത്സാഹിപ്പിക്കുന്ന തില്‍ അനിതരസാധാരണമായ താല്പര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അനേക മാധ്യമങ്ങളില്‍ സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. റാന്നി സഭകളുടെ സുവിശേഷസംരംഭമായ ബ്രദറണ്‍ ഗോസ്പല്‍ ഫെലോഷിപ്പിന്‍റെ ശുശ്രൂഷാനേതൃത്വവും ചുമതലയും നിര്‍വ്വഹിച്ചിട്ടുണ്ട്. 25 ല്‍പരം വര്‍ഷങ്ങള്‍ തമിഴ്നാട്ടില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചില സ്ഥലങ്ങളില്‍ സഭാ കൂടിവരവുകള്‍ ഉണ്ടായി.
ചേത്തയ്ക്കല്‍ സഭയ്ക്കും റാന്നിയിലെ ദൈവജനത്തിനും സുവിശേഷകര്‍ക്കും അഭിമാനമായിരുന്നു സഹോ. വി.എം. ജോണ്‍. തിരുവല്ല പണിക്കന്‍മാട്ട് സാറമ്മയാണ് ഭാര്യ. കര്‍ത്താവ് അവര്‍ക്ക് മൂന്ന് മക്കളെ ദാനം നല്‍കി. ജയ – മോഹന്‍ കുറിയന്നൂര്‍, ഷാനി – ജോജി പുത്തന്‍കാവ്, ജിജു- സുജ എന്നിവരാണ് അവര്‍. പ്രിയ സഹോദരി സാറാമ്മ 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
കര്‍തൃകാഹളം മുഴങ്ങുന്ന ആ പൊന്‍പുലരിയില്‍ ഈ ദൈവഭൃത്യനെ വീണ്ടും കാണാം എന്ന ഉറപ്പ് എനിക്കുണ്ട്.

സി.റ്റി.ജോണിക്കുട്ടി