ഭാര്യാഭര്‍ത്താക്കന്മാരുടെ അലൗകിക പ്രണയം

ഒരു രാഷ്ട്രം സമ്പന്നമായതു കൊണ്ട് അതു ശ്രേഷ്ഠമാകയില്ല. ശ്രേഷ്ഠതയുടെ മാനദണ്ഡം പണമോ പദവിയോ അധികാരമോ അല്ല. ഒരു രാഷ്ട്രത്തിന്‍റെ മാന്യതയുടെ ഘടകം എന്താണ്? നല്ല സമൂഹം എന്ന ഒറ്റവാക്കില്‍ ഉത്തരം പറയുവാന്‍ കഴിയും. ഒരു സമൂഹം നന്നാവണമെങ്കില്‍ ആ സമൂഹത്തിന്‍റെ കണ്ണികളായ കുടുംബങ്ങള്‍ അന്തസ്സുറ്റതായിരിക്കണം. ഒരു രാഷ്ട്രത്തിന്‍റെ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. കുടുംബം അസ്വസ്ഥമായാല്‍ സമൂഹം അസ്വസ്ഥമാവും; അതു രാഷ്ട്രത്തെ ബാധിക്കും. രാഷ്ട്രം നന്നാവണമെങ്കില്‍ ആദ്യം കുടുംബത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുക്കണം. ഇന്നു പാശ്ചാത്യ രാജ്യങ്ങള്‍ മറ്റുള്ള രാജ്യങ്ങളെക്കാള്‍ തലയുയര്‍ത്തി നില്ക്കുന്നതിനുള്ള കാരണം അവര്‍ക്കു ശക്തമായ ഒരു അടിത്തറയുള്ളതിനാലാണ്. സമൂഹത്തിന്‍റെയും തദ്വാരാ കുടുംബങ്ങളുടേയും നാനോന്മുഖമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുക്കുന്നതിനാല്‍ പാശ്ചാത്യ പൗരന്മാരെ ലോകം ആദരിക്കുന്നു. മൂന്നാം ലോകരാജ്യങ്ങള്‍ അപകര്‍ഷതാ ബോധത്തിലാവാനുള്ള ഒരു കാരണം കുടുംബഭദ്രത നഷ്ടമായതുകൊണ്ടാണ്. ഒരു ബംഗ്ലാദേശുകാരനോ ശ്രീലങ്കക്കാരനോ എന്തിന് ഇന്ത്യക്കാരനോ വെള്ളക്കാരനൊപ്പം മാന്യത ലഭിക്കാറില്ല.
ഇന്ന് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി മുറവിളി കൂട്ടുന്നകാലമാണ്. കാടുനശിപ്പിക്കുന്നതിനെതിരെ, മണലൂറ്റുന്നതിനെതിരെ, വയല്‍ നികത്തുന്നതിനെതിരെയെല്ലാം സാമൂഹ്യ പ്രവര്‍ത്തകര്‍ സംഘടിതമായി പ്രതികരിക്കുന്നുണ്ട്. പരിസ്ഥിതി അഥവാ ‘ഇക്കോളജി’ എന്ന വാക്കിന്‍റെ ഗ്രീക്കു പദം ‘ഓയിക്കോസ്’ എന്നാണ്. ഓയിക്കോസ് എന്ന വാക്കിന്‍റെ അര്‍ത്ഥം കുടുംബം എന്നാകുന്നു. ഇതിനു വാസയോഗ്യമായ ഭൂമി എന്ന അര്‍ത്ഥവുമുണ്ട്. ഭൂമിയില്‍ മനുഷ്യരും പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളും തിങ്ങി നിറഞ്ഞു വസിക്കുന്നു. ലോകം ഒരു വലിയ ഗ്രാമം എന്ന ചിന്താഗതിക്കു വളരെ പ്രസക്തിയുള്ള ഈ കാലഘട്ടത്തില്‍ ഇവിടെയുണ്ടാവുന്ന ഓരോ ചലനവും അയല്‍ക്കാരനേയോ അന്യവസ്തുവിനെയോ ബാധിക്കുമെന്നതില്‍ സംശയമില്ല. ഭൂമി ഒരു വലിയ കൂട്ടുകുടുംബമാണെന്നു സാരം. എല്ലാ ചരാചരങ്ങളും ഒത്തിണങ്ങി ഒരുമയോടെ ജീവിക്കുവാന്‍ സ്രഷ്ടാവ് ആഗ്രഹിക്കുന്നു. ഈ ഒത്തിണക്കം ആരംഭിക്കേണ്ടത് കുടുംബത്തിലാണ്. അതു സമൂഹത്തിലേക്കു വ്യാപിച്ച് രാഷ്ട്രത്തെ സ്വാധീനിക്കുന്നു. ജലാശയത്തില്‍ ഇട്ട കല്ല് ഉളവാക്കുന്ന ചെറിയ ചലനം ഓളമായി പരിണമിക്കുകയും ആ ഓളം അനേക വലയങ്ങളായി മാറി ജലാശയത്തെ നിറയ്ക്കുകയും ചെയ്യുന്നതുപോലെ കുടുംബങ്ങളിലുണ്ടാവുന്ന അപശ്രുതി സമൂഹത്തിലൂടെ രാഷ്ട്രങ്ങളേയും തദ്വാരാ ലോകം മൊത്തമായും അനുഭവിക്കുകയും ചെയ്യുന്നു.
ഒരു രാഷ്ട്രത്തിന്‍റെ നിലനില്പും ഭാവിയും വീട്ടിലെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ഒരു വീട്ടിലെ സല്‍ഗുണങ്ങള്‍ ആ വീട്ടിലെ മാതാപിതാക്കളിലാരംഭിക്കുന്നു. ഒരു ആഫ്രിക്കന്‍ ചൊല്ലുണ്ട്. രാജ്യത്തിന്‍റെ നാശം തുടങ്ങുന്നത് ആ രാജ്യത്തിലെ ഭവനങ്ങളിലാണ്. കണ്‍ഫ്യൂഷ്യസ് പഠിപ്പിക്കുന്നത് ഒരു രാഷ്ട്രത്തിനു ശക്തിലഭിക്കുന്നത് അവരുടെ കുടുംബങ്ങളുടെ ഏകീകരണത്തില്‍ നിന്നാണെന്നാണ്
ഒരു കുടുംബം എങ്ങനെ ധന്യമാവും? ആത്മീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബങ്ങള്‍ മാത്രമേ മറ്റുള്ളവരാല്‍ മാനിക്കപ്പെടുകയുള്ളു. ഒരു കുടുംബത്തിന്‍റെ ആത്മീയത മാതാപിതാക്കളില്‍ നിന്ന് ആരംഭിക്കണം. അതു മക്കളിലേക്കു വ്യാപിക്കുമ്പോള്‍ ആത്മീയത മുറ്റി നില്ക്കുന്ന കുടുംബമായി മാറും. അതു സമൂഹത്തിനും രാഷ്ട്രത്തിനും ആരോഗ്യകരമായ സംഭാവനകള്‍ ചെയ്യുന്ന കുടുംബമായിരിക്കും.
ഒരു മാതൃകാ കുടുംബം
വിശുദ്ധ വേദപുസ്തകത്തില്‍ എടുത്തുപറയാന്‍ പറ്റിയ അനേക മാതൃകാ കുടുംബങ്ങളുണ്ട്. ഒരു സാമ്പിള്‍ ഇതാ. ഇവിടെ സ്നേഹത്തിന്‍റെ നീരൊഴുക്കുണ്ട്; പടല പിണക്കത്തിന്‍റെ മുഴക്കമുണ്ട്. എല്‍ക്കാനയാണ് കഥാപുരുഷന്‍ ഹന്നാ കഥാനായികയും പെനിന്ന പ്രതിനായികയും. ലോകത്ത് നൂറുശതമാനം സന്തുഷ്ടമായ കുടുംബമുണ്ടോ? ഇണക്കവും പിണക്കവും കയറിയിറങ്ങിയുള്ള ജീവിതത്തിനു മാധുര്യമേറും. രാത്രിയുണ്ടെങ്കിലല്ലെ പകലിന്‍റെ മഹത്വം മനസ്സിലാവൂ. “വീരന്‍റെ കയ്യിലെ അസ്ത്രങ്ങള്‍’ കൊണ്ട ആവനാഴി നിറച്ച പെനിന്ന വല്ലപ്പോഴും പോരിന്നു കോപ്പ് കൂട്ടുമ്പോള്‍ ഗൃഹാന്തരീക്ഷം പ്രക്ഷുബ്ധമാവും. ഒരു പുരുഷന് ഒരു ഭാര്യ എന്ന ദൈവവ്യവസ്ഥയുടെ (മത്താ.10:7-9) ലംഘനമാണ് എല്ക്കാനയുടെ കുടുംബത്തിലെ പൊട്ടിത്തെറിയുടെ കാരണം. എല്ക്കാനയുടെ ബഹുഭാര്യത്വത്തിനു ന്യായീകരണം കണ്ടെത്താനും വിഷമമില്ല. വിശ്വാസ വീരനായ അബ്രഹാമിനു സാറായില്‍ മക്കളില്ലാതെ വന്നപ്പോഴാണല്ലോ ഹാഗാറിനെ പരിണയിച്ചത്. എങ്കില്‍ പാവം എല്ക്കാനയെ കുറ്റപ്പെടുത്താമോ? യാക്കോബിനു നാലു ഭാര്യമാര്‍ ഉള്ളപ്പോള്‍ ബഹുഭാര്യത്വത്തിന്‍റെ പേരില്‍ എല്ക്കാനയെ പ്രതിക്കൂട്ടിലാക്കാന്‍ പറ്റുകയില്ല. ബഹുഭാര്യത്വത്തില്‍ അനുഷ്ഠിക്കേണ്ട നിയമങ്ങള്‍ ന്യായപ്രമാണത്തിലുള്ളപ്പോള്‍ പെനിന്നയെ സ്വന്തമാക്കിയ എല്ക്കാനയെ കുറ്റപ്പെടുത്തുന്നതെങ്ങനെ? തലമുറകള്‍ ഉണ്ടായി കുടുംബം നിലനില്ക്കണമെന്ന അതിമോഹം കൊണ്ടാവാം എല്‍ക്കാന വേറൊരാളെക്കൂടെ ഭാര്യയാക്കി നൂലാമാലയില്‍ ചെന്നു വീണത്. ‘നിന്‍റെ കൃപ എനിക്കു മതി’ യെന്ന ചിന്താഗതിക്കാരനായിരുന്നെങ്കില്‍ പ്രിയപ്പെട്ടവളുടെ കണ്ണീരു കാണേണ്ടി വരില്ലായിരുന്നു. പെനിന്ന എന്ന മുള്ള് കുത്തിക്കീറിയില്ലായിരുന്നെങ്കില്‍ ഹന്നയുടെ ആഗ്രഹത്തിനു തീവ്രതയുണ്ടാകുമായിരുന്നില്ല എന്നതും വാസ്തവം.
യഹൂദന്മാരുടെ ഇടയില്‍ പ്രചാരത്തിലിരുന്ന ഒരു കഥ എല്ക്കാന കേട്ടിട്ടുണ്ടാവില്ല. വിവാഹം കഴിഞ്ഞിട്ടു പത്തുവര്‍ഷമായിട്ടും ഒരു കുഞ്ഞിക്കാലുകാണാന്‍ യോഗമില്ലാതിരുന്ന മാതൃകാ ദമ്പതികളെക്കുറിച്ചുള്ള കഥ. ദാമ്പത്യജീവിതം പൂവണിഞ്ഞില്ലെങ്കിലും പരസ്പരസ്നേഹത്തിനു കുറവില്ലായിരുന്നു. പത്തുവര്‍ഷമായി ഒരു കുഞ്ഞുണ്ടായില്ലെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹമോചനം നേടി പുനര്‍വിവാഹം നടത്തുകയാണു പതിവ്. ഉപദേശം തേടി ഇവര്‍ റബ്ബി ശിമയോന്‍ ബര്‍ യൊഹായിയെ സമീപിച്ചു. ഈ ദമ്പതികളുടെ അഗാധസ്നേഹത്തെക്കുറിച്ചു നന്നായി അറിയാവുന്ന റബ്ബി ശിമയോന്‍ ഉപദേശിച്ചു.
‘നോക്കൂ, നിങ്ങള്‍ വിവാഹിതരായ ദിവസം എത്ര ആര്‍ഭാടമായ വിരുന്നാണ് ഒരുക്കിയത്. ഇനിയിപ്പോള്‍ പിരിയുകയല്ലെ. വിവാഹദിവസത്തെപ്പോലെ കെങ്കേമമായ ഒരു സദ്യ ഒരുക്കൂ. ഒന്നിനും കുറവു വരുത്തരുത്. പന്തിയില്‍ വീഞ്ഞു ധാരാളമായി വിളമ്പൂ.’ വിചിത്രമായ ഉപദേശമെന്നേ പറയേണ്ടൂ. പത്തുവര്‍ഷത്തെ ഊഷ്മളമായ ദാമ്പത്യ ജീവിതം മനസ്സില്ലാമനസ്സോടെ അറുത്തു മാറ്റുമ്പോള്‍ വിരുന്നൊരുക്കി അതിഥികള്‍ക്കൊപ്പം ഉല്ലസിക്കുന്നതെങ്ങനെ? റബ്ബിയുടെ ഉപദേശമല്ലെ, അനുസരിക്കുക തന്നെ. ആഹാരവും വീഞ്ഞും ആവശ്യത്തിലേറെ വിളമ്പി. ഭര്‍ത്താവ് സന്തോഷത്തിലായപ്പോള്‍ തന്‍റെ ഭാര്യയെ അടുത്തുവിളിച്ചു പറഞ്ഞു: “നാം തമ്മില്‍ ഇന്നു രാത്രി പിരിയുന്നു. ഈ വീട്ടിലുള്ള, നിനക്ക് ഏറ്റവും
ഇഷ്ടപ്പെട്ട വസ്തു നിന്‍റെ പിതൃഭവനത്തിലേക്കു കൊണ്ടുപോകാം’.
‘ഏറ്റവും വിലപിടിപ്പുള്ള വസ്തു, തന്‍റേത്’ ഭാര്യ വാക്കുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. ഭര്‍ത്താവിന് ഏറെ വീഞ്ഞു പകര്‍ന്നുകൊടുത്തു. താന്‍ സുഖനിദ്രയിലായപ്പോള്‍ വാല്യക്കാരെക്കൊണ്ട് ഭര്‍ത്താവിനെ വാഹനത്തില്‍ കയറ്റി യാത്രയായി. പിറ്റേന്ന് ഭര്‍ത്താവ് തികച്ചും അപരിചിതമായ ഒരു മുറിയിലാണ് ഉണര്‍ന്നത്. തനിക്കു എന്തുപറ്റി, താന്‍ എവിടെയാണ് എന്നെല്ലാം ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ ഭാര്യ അടക്കം പറഞ്ഞു: ‘അങ്ങു പറഞ്ഞതുപോലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു ഞാന്‍ എന്‍റെ അപ്പന്‍റെ വീട്ടില്‍ ഇങ്ങു കൊണ്ടുപോന്നു.’
ഭാര്യാഭര്‍ത്താക്കന്മാരുടെ അലൗകിക പ്രണയത്തിന്‍റെ ആവിഷ്കാരമാണ് ഈ കൊച്ചു കഥ. എല്ക്കാന-ഹന്നമാരുടെ മാതൃകാ കുടുംബത്തില്‍ പ്രശ്നങ്ങള്‍ അന്യമല്ല. ആ കുടുംബാന്തരീക്ഷം ഇടയ്ക്കിടയ്ക്ക് തിളച്ചുമറിയുന്നതു കാണാം. പുത്ര സമ്പന്നയായ പെനിന്ന മര്‍മ്മത്തിനിട്ട് കുത്തും. എല്‍ക്കാന-ഹന്ന വാക്കുകളുടെ മുനയേറ്റ് തളര്‍ന്നിരിക്കും. ലേവ്യാഗോത്രത്തില്‍ കൊഹാത്ത് കുടുംബത്തിലെ പിന്തുടര്‍ച്ചക്കാരനായ എല്‍ക്കാനാ പരമസാത്വികനാണ്. രണ്ടു ഭാര്യമാരെ ഒന്നിച്ചു കൊണ്ടുപോകാന്‍ കെല്പുള്ള ഒരു ഉത്തമ ഭര്‍ത്താവ്. അവന്‍ തന്‍റെ പട്ടണത്തില്‍ നിന്നു യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും ആണ്ടുതോറും ശീലോവിലേക്കു പോവുക പതിവായിരുന്നു. ദൈവഭക്തിയുള്ള പുരുഷന്‍. പെനിന്നയേയും അവളിലുണ്ടായ മക്കളേയും ഹന്നയോടുള്ള അന്ധമായ സ്നേഹം മൂലം ഒരിക്കലും തഴഞ്ഞിരുന്നില്ല. അവര്‍ക്കുള്ള ഓഹരി ഒട്ടുംകുറയാതെ കൊടുത്തിരുന്നു. മക്കളില്ലാത്ത കാരണത്താല്‍ ദു:ഖിപ്പിച്ചിരുന്ന ഹന്നയ്ക്ക് ഇരട്ടി ഓഹരി കൊടുത്ത് അവളെ സാന്ത്വനിപ്പിക്കാന്‍ ഈ ഭര്‍ത്താവും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്നേഹിക്കുക മാത്രമല്ല സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉത്തമനായ ഭര്‍ത്താവാണ് ഇദ്ദേഹം. ഹന്നായും പെനിന്നായും തമ്മിലുണ്ടാവുന്ന ശീതസമരത്തില്‍ ഏറെ മുറിവേറ്റത് എല്ക്കാനയ്ക്കാണെന്നു വേണം കരുതാന്‍. മനോവ്യഥമൂലം പലപ്പോഴും പട്ടിണി കിടന്ന ഹന്നയ്ക്കു ഭര്‍ത്താവിന്‍റെ വാക്കുകള്‍ ഏറെ ബലം പകര്‍ന്നിരുന്നു.
“ഹന്നേ, നീ എന്തിനു കരയുന്നു? നീ എന്തിനു പട്ടിണി കിടക്കുന്നു.? നീ വ്യസനിക്കുന്നത് എന്ത്? ഞാന്‍ നിനക്കു പത്തു പുത്രന്മാരേക്കാള്‍ നന്നല്ലയോ?”
“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍ പൊന്‍ നാരങ്ങാപോലെ” (സദൃ.25:11) സ്നേഹത്തില്‍ ചാലിച്ച വാക്കുകള്‍ സ്വകാര്യ ദു:ഖത്തില്‍ കരുത്തു പകരുന്നതായിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ യാക്കോബിന്‍റെ പ്രതികരണം ശ്രദ്ധിക്കുമ്പോള്‍ എല്ക്കാനയുടെ കരുതലിന്‍റെ വലുപ്പം മനസ്സിലാവും. യാക്കോബ് റാഹേലിനെ അഗാധമായി സ്നേഹിച്ചിരുന്നു. മക്കളില്ലാത്ത ദ:ഖം പതംപറച്ചിലായി മാറിയപ്പോള്‍ യാക്കോബിന് റാഹേലിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നു. ക്രുദ്ധനായ യാക്കോബ് ചോദിക്കുന്നു: “നിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്‍റെ സ്ഥാനത്തോ ഞാന്‍?”
‘ഞാന്‍ നിനക്കു പത്തുപത്രന്മാരെക്കാല്‍ നന്നല്ലയോ’ എന്ന വാക്കുകള്‍ക്കിടയില്‍ ചില അര്‍ത്ഥങ്ങള്‍ ഒളിഞ്ഞുകിടപ്പില്ലെ? ഭാര്യയ്ക്ക് ഒരു മാതൃഹൃദയമുണ്ടെന്നും മക്കളെ താലോലിക്കാനുള്ള അഭിനിവേശം പലപ്പോഴും അവളില്‍ ഒരാവേശമായി പരിണമിക്കാറുണ്ടെന്നും ഭര്‍ത്താക്കന്മാര്‍ അറിഞ്ഞിരിക്കണം. ഒരു ഭാര്യയുടെ മാതൃസ്നേഹം ഭര്‍ത്താവിലേക്കു പകരുന്ന സന്ദര്‍ഭവും വിരളമല്ല. ഈ വികാരം ഗ്രഹിക്കാന്‍ റിബേക്കയുടെയും യിസ്ഹാക്കിന്‍റെയും ജീവിതം പഠിച്ചാല്‍ മതി. അവരുടെ വിവാഹത്തെക്കുറിച്ച് വാചാലമായി വിസ്തരിച്ചശേഷം തിരുവെഴുത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “അവള്‍ അവന്നു ഭാര്യയായിത്തീര്‍ന്നു അവന്നു അവളില്‍ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്‍റെ അമ്മയുടെ മരണദു:ഖം തീര്‍ന്നു”. സാറായുടെ സ്നേഹവും വാത്സല്യവും യിസ്ഹാക്കിന്‍റെ ജിവിത സ്പന്ദനമായിരുന്നു. മരണത്തോടെ മാതൃസ്നേഹം നഷ്ടപ്പെട്ട യിസഹാക്ക് അല്പം സ്നേഹത്തിനുവേണ്ടി കൊതിച്ചിരുന്നു. പിന്നീട് യിസ്ഹാക്ക് റാഹേലില്‍ ആ മാതൃസ്നേഹം കണ്ടെത്തി ആശ്വസിച്ചു. ഒരു ഭാര്യ ചില സന്ദര്‍ഭങ്ങളില്‍ തന്‍റെ ഭര്‍ത്താവില്‍ അമ്മയുടെ സ്നേഹം പകരുവാന്‍ കഴിവുള്ളവളാണ്. അമ്മയുടെ കരുതലും പരിചരണവുമുള്ള ഗൃഹാന്തരീക്ഷം എത്ര ഹൃദ്യമാണ്?
എല്ക്കാനയുടെ കുടുംബം അനുകരണീയം തന്നെ. സ്നേഹിക്കാന്‍ അറിയാവുന്ന ഭര്‍ത്താവ്. യാഗം കഴിച്ചു ദൈവത്തോടു നിയമം ചെയ്യുന്ന ദൈവഭക്തരുള്ള കുടുംബം. കുടുംബത്തിലെ അപശ്രുതി സ്നേഹത്തില്‍ ചാലിച്ച വാക്കുകള്‍ കൊണ്ടു മായിച്ചു കളയുന്ന ഗൃഹാന്തരീക്ഷം. മനോവേദനയുള്ളവരുടെ ദു:ഖം ഒപ്പിയെടുത്ത് നീറുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഇണകള്‍. ഇത്തരം കുടുംബങ്ങള്‍ ഭൂമിയിലെ സ്വര്‍ഗ്ഗമാണ്.