എല്ലാ വീട്ടുജോലിയും ഭാര്യ ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്: ബോംബെ ഹൈക്കോടതി

മുംബൈ: വിവാഹം എന്നത് സമത്വത്തെ അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണെന്നും ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പ്രതീക്ഷിക്കരുതെന്നും ബോംബെ ഹൈക്കോടതി. ചായ തയ്യാറാക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചുകൊന്നയാളുടെ ശിക്ഷ ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഭാര്യ ഒരു സ്വകാര്യ വസ്തുവല്ല. സമത്വം അടിസ്ഥാനമാക്കിയുള്ള പങ്കാളിത്തമാണ് ദാമ്പത്യം എന്ന് ജസ്റ്റീസ് രേവതി മോഹിത് ദേരെ പ്രസ്താവിച്ചു.
ലിംഗഭേദങ്ങളുടെ അസന്തുലിതാവസ്ഥ നിലവിലുണ്ട്. ഭാര്യ എല്ലാ വീട്ടുജോലികളും ചെയ്യുമെന്ന് പുരുഷന്‍ പ്രതീക്ഷിക്കുന്ന സ്ഥിതി ഉണ്ടെന്നും ജസ്റ്റീസ് രേവതി മോഹിത് ദേര പറഞ്ഞു. 2013-ലാണ് രാവിലെ ചായ നല്‍കിയില്ലെന്ന് പറഞ്ഞ് പ്രതിയായ സന്തോഷ് അല്‍ക്കര്‍ (35) ഭാര്യയെ കൊന്ന സംഭവം നടന്നത്. ദമ്പതിമാരുടെ ആറുവയസുകാരിയായ മകള്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മൊഴി നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. സന്തോഷ് അല്‍ക്കര്‍ സോലാപ്പൂര്‍ പണ്ഡാപൂര്‍ സ്വദേശിയാണ്. ചായ കിട്ടാത്തതില്‍ പ്രകോപിതനായി യാദൃശ്ചികമായി കൊല നടത്തിയതാണെന്ന് പ്രതി വാദിച്ചു. ഇയാളെ കീഴ്ക്കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ നടപടിയാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്.