മാധ്യമപ്രവര്‍കത്തകര്‍ കൂടുതല്‍ നിഷ്പക്ഷരാകണം: ഗവര്‍ണര്‍

തിരുവനന്തപുരം: മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കൂടുതല്‍ നിഷ്പക്ഷരായി നിലകൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗ്ലോബല്‍ മലയാളി പ്രസ്ക്ലബിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുക എന്നത് മനുഷ്യ സഹജമാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനതീതമായി വര്‍ത്തിക്കണം. സ്വന്തം കാഴ്ചപ്പാടുകള്‍ക്കൊപ്പം മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ തെളിച്ചമുള്ളതാകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മാധ്യമപ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇത്തരം മാറ്റങ്ങള്‍ക്കിടയിലും വിശ്വാസ്യതയും ധാര്‍മ്മികതയും സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്ന സെന്‍സേഷണലിസം പലപ്പോഴും മനുഷ്യാവകാശങ്ങളെ മുറിവേല്‍പ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ഇതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.