
സ്വന്തം ലേഖകന്‍
കുമ്പനാട്: ബ്രദറണ്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ കുമ്പനാട് ബ്രദറണ്‍ ഗ്രൗണ്ടില്‍ നടക്കും. എബി കെ.ജോര്‍ജ്, ചാണ്ടപ്പിള്ള ഫിലിപ്പ്, ദാനിയേല്‍ വര്‍ഗീസ്, ജെയിംസ് എം. തോമസ്, സാമുവേല്‍ ബി. തോമസ്, തോംസണ്‍ ബി. തോമസ്, വി.പി. പൗലോസ് എന്നിവരാണ് പ്രധാന പ്രസംഗകര്‍. എല്ലാ ദിവസവും രാവിലെ 8 മുതല്‍ 9 വരെ ബൈബിള്‍ക്ലാസ്സ്, രാവിലെ 10 മുതല്‍ 1 വരെ പകല്‍യോഗങ്ങള്‍, വൈകിട്ട് 6 മുതല്‍ 9 വരെ രാത്രിയോഗങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പി.ഇ. സാംകുട്ടി ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.
ഡിസംബര്‍ 29ന് പകല്‍യോഗത്തില്‍ പ്രാദേശിക സഭകളും സുവിശേഷ പ്രവര്‍ത്തനങ്ങളും എന്നതിനെക്കുറിച്ച് ജെയിംസ് എം. തോമസ്, റെജി കെ. തോമസ്, സുബാഷ് തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. വി. മാത്യു അധ്യക്ഷനാകും.
ഡിസംബര്‍ 30ന് മിഷനറിയോഗത്തില്‍ ജെയിംസ് എം. തോമസ് പ്രസംഗിക്കും. സാം സഖറിയ അദ്ധ്യക്ഷനാകും. ഡിസംബര്‍ 31ന് സോദരീസമാജത്തില്‍ തോംസണ്‍ ബി. തോമസ് സന്ദേശം നല്‍കും. ജനുവരി 1ന് പുതിയനിയമ സഭകള്‍ അപ്പോസ്തലിക ഉപദേശങ്ങളിലേക്ക് മടങ്ങിയതിന്‍റെ ഇരുന്നൂറാം വാര്‍ഷികത്തെക്കുറിച്ചുള്ള ചരിത്രാവലോകനം ജെ.സി. ദേവ് നിര്‍വ്വഹിക്കും. രാജു എം. കോശി അദ്ധ്യക്ഷനാകും. ഉപദേശങ്ങളിലും സുവിശേഷയത്നങ്ങളിലും ഉണ്ടായ വ്യതിയാനങ്ങളെക്കുറിച്ച് തോംസണ്‍ ബി. തോമസും സാഹിത്യരംഗങ്ങളിലെ വ്യതിയാനങ്ങളെക്കുറിച്ച് എം.വി.ബാബുവും പ്രസംഗിക്കും. ലിജോ അങ്കമാലി എഴുതിയ 200 വര്‍ഷത്തെ ആഗോള ബ്രദറണ്‍ സഭാചരിത്രം പ്രകാശനം ചെയ്യും. ജനുവരി 2ന് കുടുംബസംഗമത്തില്‍ ഡോ. ബിനു സാമുവല്‍ പ്രസംഗിക്കും. തോമസ് ജേക്കബ് അദ്ധ്യക്ഷനാകും. ജനുവരി 3ന് യുവവിശ്വാസികളും ദുരുപദേശ സംഘങ്ങളും എന്നതിനെക്കുറിച്ച് തോംസണ്‍ ബി. തോമസ്, വി.പി. പൗലോസ്, ചാണ്ടപിള്ള ഫിലിപ്പ് എന്നിവര്‍ പ്രസംഗിക്കും. ദാനിയേല്‍ വര്‍ഗീസ്, വി.പി.പൗലോസ് എന്നിവര്‍ ബൈബിള്‍ ക്ലാസ്സെടുക്കും. എല്ലാ ദിവസവും വൈകിട്ട് 5.30ന് കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങളാലപിക്കും.
