നിയമനിര്‍മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രക്ഷോഭത്തിന്

കോലഞ്ചേരി: പള്ളി കൈയേറ്റങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാന്‍ യാക്കോബായ സഭ മാനേജിങ്ങ് കമ്മറ്റി തീരുമാനിച്ചു. സര്‍ക്കാരിന്‍റെ മധ്യസ്ഥതയിലുള്ള ചര്‍ച്ച ആരംഭിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച സമര പരിപാടികളാണ് പുനരാരംഭിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുമായി ഇനി അനുരഞ്ജന ചര്‍ച്ചക്കില്ലെന്നും സഭകളുടെ യോജിപ്പ് അടഞ്ഞ അധ്യായമാണെന്നും യോഗം വിലയിരുത്തി. സമരം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ഞായറാഴ്ച മുതല്‍ ഓര്‍ത്തഡോക്സ് വിഭാഗം കൈയേറിയ 52 പള്ളികളുള്‍പ്പെടെ മുഴുവന്‍ പള്ളികള്‍ക്ക് മുന്നിലും കോവിഡ് മാനദണ്ഡം പാലിച്ച് റിലേ നിരാഹാര സത്യാഗ്രഹം ആരംഭിക്കും.
തുടര്‍ന്ന് ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നിലും തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലും മെത്രാപ്പോലിത്തമാരുടെയും വൈദീകരുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല സമരമാരംഭിക്കും. ഇതൊടൊപ്പം തന്നെ വയനാട് മീനങ്ങാടിയിലെ സാമുവല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കബറിടത്തില്‍നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് അവകാശ സംരക്ഷണ ജാഥ നടത്തും.
സമരപരിപാടികളുടെ നടത്തിപ്പിന് തോമസ് മാര്‍ അലക്സാന്ത്രയോസ് മെത്രാപ്പോലീത്ത കണ്‍വീനറായി 71 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തീമോത്തീയോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഗീവര്‍ഗീസ് മാര്‍ കുറിലോസ്, മാത്യൂസ് മാര്‍ തേവോദേസ്യോസ്, മാത്യൂസ് മാര്‍ അന്തിമോസ്, സഭാ ഭാരവാഹികളായ സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്കോപ്പ, കമാന്‍ഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, പീറ്റര്‍ കെ. ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.