
കോട്ടയം: ബജറ്റ് ടൂറിസം നേട്ടമായതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ട്രാവല്‍ ടു ടെക്നോളജിയും. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ പദ്ധതിക്കു തുടക്കമായി. ശബരിമല സീസണും വാര്‍ഷിക പരീക്ഷയും കഴിഞ്ഞതിനുശേഷമാണ് ട്രാവല്‍ ടു ടെക്നോളജി പൂര്‍ണതോതില്‍ നടപ്പിലാക്കുന്നത്.
ബജറ്റ് ടൂറിസത്തിനു സമാനമായി നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളുമായി ബസ്സ് ഒരു ദിവസം വ്യാവസായിക, സാങ്കേതിക മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നതാണ് ട്രാവല്‍ ടു ടെക്നോളജി പദ്ധതി. യാത്രയ്ക്കും ഉച്ചഭക്ഷണത്തിനും വിദ്യാര്‍ത്ഥികളില്‍നിന്ന് 500 രൂപയില്‍ താഴെയായിരിക്കും ഈടാക്കുക.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ, സാങ്കേതിക മേഖലകളെ കൂടുതല്‍ പരിചയപ്പെടാനും അവബോധം സൃഷ്ടിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ഐ.എസ്.ആര്‍.ഒ., കെ.എസ്.ആര്‍.ടി.സി. റീജണല്‍ വര്‍ക്ക്ഷോപ്പുകള്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ്, കയര്‍ മ്യൂസിയം, മില്‍മ പ്ലാന്‍റ് തുടങ്ങി നൂറിലേറെ കേന്ദ്രങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പുറപ്പെട്ടു രാത്രി തിരികെ എത്തുന്ന രീതിയിലായിരിക്കും യാത്ര. പരിചയപ്പെടുന്ന സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു വിശദീകരിക്കാന്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. കോട്ടയത്തെ അക്ഷരം മ്യൂസിയവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഡിപ്പോകളില്‍ നിന്നും അതതു സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനു പറ്റുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം ജില്ലാ കോ ഓഡിനേറ്റര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്.