‘വാര്‍ത്തകള്‍’ പോസ്റ്റ് ചെയ്യുന്നവരും ഇനി സര്‍ക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ വ്യക്തികളും ഇനി സൂക്ഷിക്കേണ്ടി വരും. സാധാരണക്കാര്‍ മുതല്‍ സാമൂഹിക മാധ്യമങ്ങളിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ വരെ വാര്‍ത്താ അധിഷ്ഠിത ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചാല്‍ പ്രൊഫഷണല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് സമാനമായ പരിശോധനകള്‍ക്കും നടപടികള്‍ക്കും വിധേയമാകും. ഇതിനായി ഐ.ടി. ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്യാനൊരുങ്ങുകയാണ്. ഐ.ടി.ചട്ടത്തിന്‍റെ എട്ടാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള കരട് തിങ്കളാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഏപ്രില്‍ 14 വരെ അഭിപ്രായവും നിര്‍ദ്ദേശവുമറിയിക്കാം.
യൂട്യൂബര്‍മാര്‍, ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ സൃഷ്ടിക്കുന്നവര്‍, എക്സ് ഉപയോക്താക്കള്‍ തുടങ്ങിയവരെല്ലാം ഐ.ടി. ചട്ടത്തിന്‍റെ പാര്‍ട്ട് മൂന്നിന്‍റെ ഭാഗമാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട പാര്‍ട്ട് മൂന്നിലാണ് ഉള്ളടക്കങ്ങള്‍ക്ക് ത്രിതല മേല്‍നോട്ട സംവിധാനം നിര്‍ദ്ദേശിക്കുന്നത്.
ഇതുവരെ പ്രൊഫഷണല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു ഈ ചട്ടങ്ങളെങ്കില്‍ ഇനിയത് വാര്‍ത്താ അധിഷ്ഠിത ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്ന എല്ലാവര്‍ക്കുമാകും.
ചട്ടത്തിലെ ഭേദഗതി നിലവില്‍ വന്നാല്‍ പ്രസാധകര്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ തുടങ്ങിയവര്‍ക്കൊപ്പം വാര്‍ത്താ ഉള്ളടക്കം നല്‍കുന്ന എല്ലാവരേയും ഉള്‍പ്പെടുത്തും. ബിസിനസ്സ്, പ്രൊഫഷണല്‍, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ ഉള്ളടക്കം പ്രസിദ്ധപ്പെടുത്തുന്ന വ്യക്തികള്‍ക്ക് നേരത്തേയുണ്ടായിരുന്ന സംരക്ഷണമാണ് ഇല്ലാതാവുക. ഒരു പ്രതിഷേധം നടക്കുന്നതിന്‍റെ വീഡിയോ, സര്‍ക്കാരിന്‍റെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കല്‍, ഒരു വാണിജ്യ സംഭവത്തെക്കുറിച്ച് ഇന്‍ഫ്ളുവന്‍സറുടെ പോസ്റ്റ്, പ്രകൃതിദുരന്തത്തെക്കുറിച്ച് ദൃക്സാക്ഷിയുടെ വിശദീകരണം തുടങ്ങിയവയെല്ലാം ചട്ടഭേദഗതി വരുന്നതോടെ വാര്‍ത്താ ഉള്ളടക്കത്തിന്‍റെ നിയന്ത്രണത്തിന് ബാധകമായേക്കും.
ചട്ടവിരുദ്ധമായ ഉള്ളടക്കമാണെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളടങ്ങിയ സമിതി കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുകയോ ഭേദഗതി നിര്‍ദ്ദേശിക്കുകയോ നീക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. അടിയന്തര സാഹചര്യങ്ങളില്‍ ഉള്ളടക്കമിട്ടയാളെ കേള്‍ക്കാതെ ബ്ലോക്ക് ചെയ്യാനും സര്‍ക്കാരിന് സാധിക്കും.