അഞ്ചു തവണയിലധികം നിയമലംഘനമുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: മോട്ടോര്‍ വാന നിയമം കൂടുതല്‍ കര്‍ശനമാകുന്നു. വര്‍ഷത്തില്‍ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാല്‍ വാഹനം ഓടിക്കുന്ന ആളുകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്ത് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്തു. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്ന വാഹനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കോടതിയുടെ അനുവാദത്തോടെ മോട്ടോര്‍ വാഹന വകുപ്പിന് കസ്റ്റഡിയിലെടുക്കാമെന്നും കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച ചട്ടഭേദഗതിയില്‍ പറയുന്നു.
ആര്‍ടിഒയ്ക്കാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരം. വര്‍ഷത്തില്‍ അഞ്ച് ചെലാന്‍ ലഭിക്കുന്നവരുടെ ലൈസന്‍സ് ആണ് അയോഗ്യമായി പ്രഖ്യാപിക്കുക. ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്നതിനു മുമ്പ് വാഹന ഉടമയുടെ ഭാഗം കേള്‍ക്കണമെന്നും പുതിയ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ചെലാന്‍ ലഭിച്ച് 45 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. കാലാവധി നീട്ടി നല്‍കില്ല. ചെലാന്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ ചോദ്യം ചെയ്യുകയോ ചെയ്യാം. പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം അപ്പീല്‍ നല്‍കാം. 45 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തില്ലെങ്കില്‍ കുറ്റം സമ്മതിച്ചതായി കണക്കാക്കും.
പരാതി നല്‍കിയാല്‍ അത് 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. പരാതി ശരിയാണെന്നു കണ്ടാല്‍ ചെലാന്‍ റദ്ദാക്കും. പരാതി തള്ളുകയാണെങ്കില്‍, ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണം. വീണ്ടും കോടതിയെ സമീപിക്കണമെങ്കില്‍ ചെലാന്‍ തുകയുടെ 50 ശതമാനം കെട്ടിവയ്ക്കണം. പരാതി തള്ളിയിട്ടും 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയോ കോടതിയെ സമീപിക്കുകയോ ചെയ്തില്ലെങ്കില്‍, കുറ്റം സമ്മതിച്ചതായി കണക്കാക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ തുക അടയ്ക്കുകയും വേണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍ വാഹന നിയത്തില്‍ ഭേദഗതി കൊണ്ടുവന്നത്.