ന്യൂഡല്‍ഹി: സ്വകാര്യത നയത്തില്‍ മാറ്റം വരുത്തിയ നടപടി പിന്‍വലിക്കണമെന്ന് വാട്സ് ആപ്പിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നു വാട്സ് ആപ് സി.ഈ.ഒ. വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ടോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്സ് ആപ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. അതിന്‍റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ.
ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യത നയത്തില്‍ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്‍റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്വാകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണം. വിവരങ്ങളുടെ സ്വാകാര്യത, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഡാറ്റാ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്സ്ആപിനോട് ആവശ്യപ്പെട്ടു. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്സ് ആപ് അറിയിച്ചിരുന്നത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് അടുത്ത മേയ് വരെ ഇത് നീട്ടിയിട്ടുണ്ട്.