
1913ല്‍ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതല്‍ 800 വരെ പഴക്കം അനുമാനിക്കുന്നു.
ന്യൂയോര്‍ക്ക്: ബൈബിളിലെ പത്തു കല്പനകള്‍ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തില്‍ ലഭിച്ചത് അരക്കോടി ഡോളര്‍. ഇന്ന് ഇസ്രയേലിലുള്ള സ്ഥലത്തു നിന്ന് 1913ല്‍ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതല്‍ 800 വരെ പഴക്കം അനുമാനിക്കുന്നു. ബൈബിളിലെ കല്പനകള്‍ രേഖപ്പെടുത്തിയ അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയില്‍പാത നിര്‍മിക്കാന്‍ ഖനനം നടക്കുന്നതിനിടെയാണ് ഫലകം കണ്ടെത്തുന്നത്. ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒമ്പതു കല്പനകളേ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പറയുന്നു. അമേരിക്കയില്‍ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു. 20 ലക്ഷം ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കമ്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാര്‍ജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.