അന്ധവിശ്വാസങ്ങളുംഅനാചാരങ്ങളും തടയാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം

കോഴിക്കോട്: അന്ധവിശ്വാസവും ദുര്‍മന്ത്രവാദം അടക്കമുള്ള ആഭിചാര കര്‍മ്മങ്ങള്‍ തടയാന്‍ സംസ്ഥാനത്തു നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍തലത്തില്‍ വീണ്ടും ശ്രമം. 2021-ലെ കേരള അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടതടക്കം സര്‍ ക്കാര്‍ തലത്തില്‍ മുമ്പു നടത്തിയ പല നീക്കങ്ങളും ഫലം കാണാത്ത സാഹചര്യത്തിലാണു ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് വീണ്ടുമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നിയമനിര്‍മ്മാണത്തിന്‍റെ വിവിധ വശങ്ങള്‍ പരിശോധിച്ച് കരട് ബില്‍ തയ്യാറാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മുന്‍ നിയമകാര്യ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ശശിധരന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ എന്നിവരാണു സമിതി അംഗങ്ങള്‍. നിയമത്തിന്‍റെ സാമൂഹിക, നിയമപരവും ഭരണഘടനാപരവുമായ മാനങ്ങള്‍ സമിതി പരിശോധിക്കും. മുമ്പ് ജസ്റ്റീസ് കെ.ടി. തോമസിന്‍റെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമ്മീഷന്‍ തയ്യാറാക്കിയ കരട് ബില്‍, മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങള്‍, ഭാരതീയ ന്യായസംഹിത, കേരള പോലീസ് നിയമം തുടങ്ങിയ നിലവിലുള്ള നിയമങ്ങളിലെ പ്രസക്തമായ വ്യവസ്ഥകള്‍ എന്നിവ സമിതി വിലയിരുത്തും.
ഇലന്തൂര്‍ ഇരട്ട നരബലിയുടെ പശ്ചാത്തലത്തില്‍ ഒരു സംഘടന 2022ല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന്, അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും എതിരേ നിയമം കൊണ്ടുവരുമെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായുള്ള തുടര്‍നടപടിയാണു വിദഗ്ധ സമിതി. ഈ വിഷയത്തില്‍ വിശദമായ പഠനവും വിദഗ്ധരുമായുള്ള കൂടിയാലോചനയും ആവശ്യമാണെന്ന് വിലയിരുത്തിയ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിര്‍ദ്ദേശപ്രകാരമാണു സമിതി രൂപവത്കരിച്ചത്.

പാഴായ ശ്രമങ്ങള്‍
അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനും എതിരേ നിയമനിര്‍മ്മാണം നടത്താന്‍ കേരളത്തില്‍ മുമ്പും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. 2014ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്ധവിശ്വാസത്തിന്‍റെ പേരിലുള്ള ചൂഷണവും മന്ത്രവാദവും തടയാന്‍ ബില്‍ കൊണ്ടുവരുമെന്നു നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അന്നത്തെ എഡിജിപി എ. ഹേമചന്ദ്രന്‍ ബില്ലിന്‍റെ കരടുരൂപം തയ്യാറാക്കുകയും ചെയ്തു. അന്ധവിശ്വാസത്തിലധിഷ്ഠിതമായ കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം തടവും രണ്ടു ലക്ഷ രൂപ പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ തുടര്‍നടപടികളുണ്ടായില്ല.
2019ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ജസ്റ്റീസ് കെ.ടി.തോമസ് അധ്യക്ഷനായ കമ്മീഷന്‍ ‘ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍’ എന്ന ബില്ലിനു രൂപം നല്‍കി. അന്ധവിശ്വാസവും മന്ത്രവാദവും നിരോധിക്കുന്ന ബില്ലില്‍ കുറ്റക്കാര്‍ക്ക് ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയുമാണു ശിപാര്‍ശ ചെയ്തിരുന്നത്.
പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് മനുഷ്യശരീരത്തെ ഉപദ്രവിക്കുന്നതും പരിക്കേല്‍പ്പിക്കുന്നതും അനാചാരത്തിന്‍റെയും മന്ത്രവാദത്തിന്‍റെയും പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ ബില്‍ വെളിച്ചം കണ്ടില്ല. 2021ല്‍ കെ.ഡി. പ്രസേനന്‍ എംഎല്‍എ അന്ധവിശ്വാസ-അനാചാര നിര്‍മാര്‍ജന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതും ദുര്‍മന്ത്രവാദം നടത്തുന്നതും ശിക്ഷാര്‍ഹമായി കണക്കാക്കുന്ന ബില്ലില്‍ ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴ ശിക്ഷയും ലഭിക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണത്തിനു വ്യവസ്ഥ ചെയ്തിരുന്നു. ബില്‍ പക്ഷേ നിയമമായില്ല.

kampungbet