
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം നിയമവിരുദ്ധമാണെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹം സ്വമേധനയാ അസാധുവാകുമെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹിതരായി എന്നു പറയുന്ന സ്ത്രീയെയും പുരുഷനെയും നിയമത്തിനു മുന്നില്‍ ദമ്പതികളായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റീസ് സൗരവ് ശ്രീവാസ്തവ വ്യക്തമാക്കി.
തന്റെ സമാധാനപരമായ ദാമ്പത്യജീവിതത്തില്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് മുഹമ്മദ് ബിന്‍ കാസിം എന്ന വ്യക്തിയാണു ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട കാസിം ഹിന്ദു വിശ്വാസിയായിരുന്ന ചന്ദ്രകാന്ത എന്ന യുവതിയെ മുസ്ലിം മതാചാരപ്രകാരം വിവാഹം ചെയ്തതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്. ഈ വര്‍ഷം ഫെബ്രുവരി 22ന് ചന്ദ്രകാന്ത ഹിന്ദുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു. തുടര്‍ന്ന് ജൈനബ് പര്വീന് എന്ന പേരും അവര്‍ സ്വീകരിച്ചു. ഇത്തരത്തില്‍ മതംമാറി എന്നതിനുള്ള രേഖകള്‍ പര്വീന് ബന്ധപ്പെട്ട ആളുകള്‍ കൈമാറി. കഴിഞ്ഞ മേയ് 26നാണ് ഇരുവരും ഇസ്ലാം മതാചാരപ്രകാരം വിവാഹിതരായത്.
എന്നാല്‍ മതംമാറി എന്നു പറഞ്ഞ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും അതിനാല്‍ ഇസ്ലാം മതാചാരപ്രകാരമുള്ള വിവാഹം നിലനില്‍ക്കില്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയ കോടതി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം മതത്തിനുപുറത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി നല്കി. ഇതരമതത്തില്‍പ്പെട്ട ഒരാളെ വിവാഹം ചെയ്യാന്‍ ഇസ്ലാം മതനിയമപ്രകാരം സാധ്യമല്ലാത്ത സാഹചര്യത്തിലാണു കോടതിയുടെ ഉത്തരവ്.
സ്പെഷല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രേഖകള്‍ ലഭിക്കുന്നതുവരെ പെണ്‍കുട്ടിയെ പ്രയാഗ് രാജിലെ വനിതാസംരക്ഷണ ഭവനത്തില്‍ പാര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. മാതാപിതാക്കള്‍ക്ക് ഒപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ നടപടി.
