
വത്തിക്കാന്‍ സിറ്റി: യുദ്ധക്കൊതിയന്മാരുടെ പ്രാര്‍ത്ഥന ദൈവം നിരസിക്കുമെന്നും ഒരു യുദ്ധത്തെയും ന്യായീകരിക്കാന്‍ ദൈവവിശ്വാസിക്കാകില്ലെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ഈശോമിശിഹാ സമാധാനത്തിന്‍റെ രാജാവാണ്, യുദ്ധത്തെ നിരാകരിക്കുന്നവന്‍. യുദ്ധത്തെ ന്യായീകരിക്കാന്‍ ആര്‍ക്കും ഈശോമിശിഹായെ ഉപയോഗിക്കാന്‍ കഴിയില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാര്‍ത്ഥനകള്‍ ഈശോമിശിഹാ കേള്‍ക്കുന്നില്ല. മറിച്ച് അവയെ നിരസിക്കുന്നു-മാര്‍പാപ്പ പറഞ്ഞു. താന്‍ സമാധാനത്തിന്‍റെ രാജാവാണെന്നാണ് ഈശോമിശിഹാ സ്വയം വെളിപ്പെടുത്തിയത്. മറ്റുള്ളവര്‍ അക്രമം ഇളക്കിവിടുമ്പോഴും അവന്‍ സൗമ്യത കൈവിടുന്നില്ല. മറ്റുള്ളവര്‍ വാളുകളും വടികളും ഉയര്‍ത്തുമ്പോള്‍ പോലും മനുഷ്യത്വത്തെ സ്വീകരിക്കാന്‍ അവന്‍ തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ലോകത്തിലേക്ക് ജീവനും വെളിച്ചവും കൊണ്ടുവരാനാണ് ഈശോമിശിഹാ വന്നത്. പീഡാനുഭവ നിമിഷങ്ങളിലും സമാധാനത്തിനായി നില കൊള്ളുന്നതായിരുന്നു അവിടുത്തെ പ്രവൃത്തികള്‍. തന്‍റെ ശിഷ്യന്മാരില്‍ ഒരാള്‍ പ്രധാനാചാര്യന്‍റെ സേവകന്‍റെ ചെവികളിലൊന്നു ഛേദിച്ചപ്പോള്‍, വാളെടുക്കുന്നവന്‍ വാളാന്‍ മരിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ശിഷ്യനോട് വാള്‍ ഉറയിലിടാന്‍ കല്‍പ്പിച്ചു. പീഡാസഹനങ്ങള്‍ക്കുശേഷം കുരിശിലേറ്റപ്പെട്ടു മരണത്തിനു വിധേയമായപ്പോള്‍ അവിടുന്ന് സ്വയം ആയുധമെടുക്കുകയോ പ്രതിരോധിക്കുകയോ ചെയ്തില്ല. മറിച്ച് ഒരു കുഞ്ഞാടിനെപ്പോലെ അറുക്കപ്പെടാന്‍ തന്നെത്തന്നെ വിട്ടുകൊടുത്തു.
എല്ലായ്പ്പോഴും അക്രമത്തെ നിരാകരിക്കുന്ന ദൈവത്തിന്‍റെ സൗമ്യമായ മുഖം അവിടുന്ന് വെളിപ്പെടുത്തി. സ്വയം രക്ഷിക്കുന്നതിനു പകരം എല്ലാ കുരിശുകളെയും സ്വീകരിച്ചുകൊണ്ട് കുരിശില്‍ തറയ്ക്കപ്പെടാന്‍ അവന്‍ തന്നെത്തന്നെ അനുവദിച്ചു-മാര്‍പാപ്പ പറഞ്ഞു. “നിങ്ങള്‍ എത്ര തന്നെ പ്രാര്‍ത്ഥനകള്‍ നടത്തിയാലും ഞാന്‍ കേള്‍ക്കുകയില്ല: നിങ്ങളുടെ കൈകള്‍ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.” (ഏശ. 1:15) എന്ന വചനഭാഗവും പ്രസംഗത്തില്‍ മാര്‍പാപ്പ ഉദ്ധരിച്ചു. ഇന്നു ലോകത്ത് യുദ്ധത്തിന്‍റെയും അക്രമത്തിന്‍റെയും കെടുതികള്‍ക്കിരയായി വിലപിക്കുന്ന മാനവരാശിയോടു മുഖം തിരിക്കാനാകില്ല. സമാധാനത്തിന്‍റെ രാജാവായ ഈശോമിശിഹാ അവര്‍ക്കു സാന്ത്വനമേകട്ടേയെന്നു പ്രാര്‍ത്ഥിക്കാം. അക്രമത്തിനും വേദനയ്ക്കും ഇരയായ എല്ലാവരുടെയും കണ്ണുനീര്‍ വസന്തകാല സൂര്യനു കീഴിലുള്ള മഞ്ഞുപോലെ വറ്റിപ്പോകട്ടേയെന്നും നമുക്കു പ്രാര്‍ത്ഥിക്കാം-മാര്‍പാപ്പ പറഞ്ഞു.
