ബോബി ജോസ്
അനന്തരം എല്ലാം പൂര്‍ത്തിയായെന്നു പറഞ്ഞു ക്രിസ്തു മിഴി പൂട്ടി. ആ വാക്കോടു കൂടി അവിടുത്തെ മരണം അനുപമലാവണ്യമുള്ളതായി. കരച്ചിലോ ശാപമോ ഇല്ലാതെ ഭൂമിയിലെ ഏറ്റവും ക്രൂരമായ മരണം. തൊട്ടിലില്‍ ഒരു കുഞ്ഞ് ഉറങ്ങുന്നതു പോലെ സൗമ്യമായി. ഇത്രമേല്‍ ചിതറപ്പെട്ട ഒരാളുടെ അവസാനത്തെ വാക്ക്-എല്ലാം പൂര്‍ത്തിയായെന്ന്! അതിന്‍റെ അര്‍ത്ഥം സ്നേഹപൂര്‍ണിമയായെന്ന്. പൂര്‍ണതയെന്ന ക്രിസ്തുസങ്കല്‍പത്തിന്‍റെ സാരം സ്നേഹത്തിലേക്കു കരേറ്റപ്പെടുകയെന്നതു തന്നെ.
നിയമങ്ങള്‍ നിരന്തരമായി ലംഘിക്കപ്പെടുന്നുവെന്ന് ആരോപിച്ച ശാഠ്യക്കാരോട് ക്രിസ്തു പറഞ്ഞത് താന്‍ നിയമത്തെ പൂര്‍ത്തിയാക്കുകയാണ് എന്നാണ്. അതിന്‍റെ അര്‍ത്ഥം മിതമായ ചട്ടങ്ങള്‍ക്ക് താന്‍ സ്നേഹത്തിന്‍റെ അമൃതൂട്ടുന്നുവെന്നാണ്. സ്നേഹത്തിലേക്കെത്തുകയാണു പൂര്‍ണിമ. ആ സ്നേഹത്തിലേക്കെത്തിയില്ലെങ്കില്‍ എല്ലാം അപൂര്‍ണം തന്നെ.
എനിക്കു പ്രവചനവരം ഉണ്ടാവുകയും, സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടാവുകയും ചെയ്തിട്ടും സ്നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാനെന്‍റെ സര്‍വ്വ സമ്പത്തും ദാനം ചെയ്യുകയും, എന്‍റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്താലും സ്നേഹമില്ലെങ്കില്‍ എനിക്കൊന്നും പ്രയോജനമില്ല.
അനന്തരം സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്.
അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. (ലൂക്ക: 23-44).
അടയാളങ്ങളുടെ പുസ്തകമാണ് ബൈബിള്‍. യോഹന്നാന്‍ അത്ഭുതങ്ങളെ വിശേഷിപ്പിക്കുന്ന പദമാണ് അടയാളം. അത്ഭുതങ്ങള്‍ കുഞ്ഞുങ്ങളുടെ മനസിനെ വിസ്മയിപ്പിക്കാനാണ്. മുതിര്‍ന്നവര്‍ അവയെ അടയാളമായി വ്യാഖ്യാനിച്ചു ധ്യാനിക്കണം.
വെളിച്ചമാണ് ക്രിസ്തുവിന്‍റെ പര്യായം. പിറന്ന പാതിരാവില്‍ ഒരു നക്ഷത്രം തെളിഞ്ഞതായി നാം വായിക്കുന്നു. യേശു പരസ്യജീവിതം ആരംഭിക്കുമ്പോള്‍ ഏശയ്യായുടെ ഈ പ്രവചനം ഓര്‍മ്മിപ്പിക്കുന്നു. മത്തായി: മരണത്തിന്‍റെ നിഴലിലും മേഘലയിലും വസിച്ചവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു. പിറവിയില്‍ തെളിയുകയും അവന്‍റെ ഭാഷണത്തില്‍ ഉജ്വലിക്കുകയും ചെയ്ത നക്ഷത്രം അവന്‍റെ മിഴി അടഞ്ഞപ്പോള്‍ കെട്ടുപോയി- സൂര്യനും ഒരു നക്ഷത്രം തന്നെ.
ഇനിമുതല്‍ ഭൂമിയുടെ ഉദയാസ്തമയങ്ങളെ നിശ്ചയിക്കുന്നതു ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമാണ്. അവന്‍ കൂടെയുള്ളപ്പോള്‍ ഏതു കൂരിരുളിലും എന്നെ നയിക്കാന്‍ ഒരു ഏകാന്തതാരം ഉണ്ടായിരിക്കും. അവനെ കൈവിട്ടുപോകുമ്പോള്‍ സുഹൃത്തുകളുണ്ട്, ധനമുണ്ട്, യൗവ്വനമുണ്ട്, ബലമുണ്ട് എന്നൊക്കെ നിനയ്ക്കുന്ന മദ്ധ്യാഹ്നങ്ങളില്‍ പോലും നിന്‍റെ സൂര്യന്‍ കെട്ടുപോകുന്നു. അവനെ നോക്കിയവരെല്ലാം പ്രകാശിതരായെന്നു വചനം.
നിക്കദേമോസിനോടു ക്രിസ്തു പറയുന്നുണ്ട്: ഇതാണു ശിക്ഷാവിധി. പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തേക്കാളധികമായി അന്ധകാരത്തെ സ്നേഹിച്ചു. ദൈവം ആരെയും വിധിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്നില്ല. തങ്ങളുടെ സ്വാഗത, തിരസ്കരണങ്ങളിലൂടെ ഓരോരുത്തരും അവരവരുടെ വിധി സ്വയം രേഖപ്പെടുത്തുകയാണ്. സൂര്യന് അഭിമുഖമായി നില്‍ക്കുമ്പോഴും ഇരുമിഴികളും അടച്ച് ഇരുട്ടിനെ തെരഞ്ഞെടുക്കുന്നതു പോലെ. ഒന്നു പ്രാര്‍ത്ഥനാപൂര്‍വ്വം മിഴി തുറന്നാല്‍ മാത്രം മതി. പുറത്തു നിറയെ വെളിച്ചമാണ്. സമൃദ്ധമായ പുഴ ചാരെ ഒഴുകിയിട്ടും ഒരു വിരലോളം വലിപ്പത്തിലുള്ള വരമ്പുകെട്ടി, വിണ്ടുകീറിയ ഒരു പാടം ജലസമൃദ്ധിയെ പ്രതിരോധിക്കുന്നതു പോലെ. വെളിച്ചത്തോടുള്ള ആഭിമുഖ്യമാണ് ആത്മീയത.
ദേവാലയത്തിലെ തിരശീല നെടുകെ കീറിപ്പോയി! ദൈവം ലോകത്തെ വ്യാഖ്യാനിച്ച രീതിയുടെ പേരാണ് ക്രിസ്തു. അവന്‍റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഭൂമിയുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ദൈവം ശ്രമിച്ചത്.നെടുകെ കീറിയ ദേവാലയ തിരശീലവഴി പുതിയ ആരാധനാ സങ്കല്‍പങ്ങള്‍ രൂപപ്പെടുകയാണ്.
ആരാധനയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങള്‍ ക്രിസ്തുവിന് അഭിമുഖീകരിക്കേണ്ടി വന്നതു സമരിയാക്കാരിയായ അന്വേഷിയില്‍ നിന്നായിരുന്നു. തന്‍റെ നിഗൂഢതകളെ അലിവോടെ കാണുന്ന ഒരു സഞ്ചാരിയുടെ പിന്നില്‍ ദൈവം ഒളിച്ചു നില്‍ക്കുന്നുവെന്നറിഞ്ഞ നിമിഷം അവള്‍ അവനോടു ചോദിച്ചത് ഉദ്ദിഷ്ടകാര്യങ്ങള്‍ ഒന്നുമല്ല. ഏതാണ് യഥാര്‍ത്ഥമായ ആരാധനയുടെ ഇടമെന്നാണ്. ഞങ്ങളുടെ പിതാക്കന്മാര്‍ ഗരസീമില്‍, നിങ്ങളുടെ പിതാക്കന്മാര്‍ ജറുസലേമില്‍, ഏതാണു ശരി? ക്രിസ്തു അവളോടു പറഞ്ഞ ഉത്തരത്തിന്‍റെ സാരമിതാണ്-ആ
മലയിലും ഈ മലയിലുമല്ല, എല്ലായിടങ്ങളിലും മനുഷ്യര്‍ ദൈവത്തെ ആരാധിക്കുന്ന കാലം വരുന്നു. കീറിയ തിരശീല ആ വാക്കിന്‍റെ പൂര്‍ത്തീകരണമാണ്.
വിജാതിയര്‍, സ്ത്രീകള്‍, പുരുഷന്മാര്‍, പുരോഹിതര്‍, പ്രധാന പുരോഹിതര്‍, ഒടുവില്‍ പ്രധാന പുരോഹിതര്‍ക്കു പോലും വിശിഷ്ടാവസരങ്ങളില്‍ മാത്രം പ്രവേശിക്കാനര്‍ഹതയുള്ള പരിശുദ്ധിയുടെ പരിശുദ്ധി-ഇങ്ങനെ പലതട്ടുകളിലായാണ് ദേവാലയത്തിലെ ഒരേകദേശ വിന്യാസം. തിരശീലയ്ക്കപ്പുറമാണ് സാധാരണ മനുഷ്യര്‍ക്ക് പ്രവേശിക്കാനര്‍ഹതയില്ലാത്ത പരിശുദ്ധിയുടെ പരിശുദ്ധി- ദൈവസാന്നിദ്ധ്യത്തിന്‍റെ ശ്രീകോവില്‍. അവന്‍റെ മരണത്തോടെ ഈ ദൈവസാന്നിദ്ധ്യം ഭൂമിമുഴുവന്‍ പടരുകയാണ്. ഇനിമുതല്‍ ഭൂമിയുടെ ഏതിടങ്ങളില്‍ നിന്നു മനുഷ്യര്‍ ദൈവമേ! എന്നു വിളിച്ചാലും അതവനുള്ള സമൃദ്ധമായ ആരാധനയാകുന്നു. മൈതാനങ്ങള്‍, അടുക്കള, തൊഴില്‍ശാല, തിരക്കുള്ള ട്രാം, തടവറകള്‍ ഏതിടവും ദേവാലയമാകുന്നു. ഹൃദയപൂര്‍വ്വമുള്ള എന്തും പ്രാര്‍ത്ഥനയാവുന്നു. നെടുവീര്‍പ്പുകള്‍ പ്രാര്‍ത്ഥനകളാക്കി മാറ്റണമെന്നു പൗലോസ് പറയാറുണ്ടല്ലോ. നെടുവീര്‍പ്പ് ഏതു വൈകാരികതയെയും ഒളിപ്പിച്ചു വയ്ക്കുന്ന അടയാളമാണ്. ചിലപ്പോള്‍ ആശ്വാസത്തിന്‍റെ, മറ്റുചിലപ്പോള്‍ നൈരാശ്യത്തിന്‍റെ – അഭയത്തിന്‍റെയും ഭയത്തിന്‍റെയും.
ഭൂമിയുടെ അതിരുകളോളം പടരുന്ന ഒരു ദേവാലയ സങ്കല്‍പമായിരുന്നു ക്രിസ്തുവിന്‍റെ മനസില്‍. ദേവാലയം വികസിതമാവുകയാണ്. നമ്മുടെ കാലത്ത് ഈ അവബോധത്തിന്‍റെ ഒരു പിറകോട്ടു പോക്ക് (റിവേഴ്സ്) സംഭവിക്കുന്നുണ്ട്. ചുറ്റുമുള്ള സാമൂഹ്യ സാമ്പത്തിക പരിസരവുമായി ഒരനുപാതവും പുലര്‍ത്താതെ മാനം തൊടുന്ന കൂറ്റന്‍ ദേവാലയങ്ങള്‍ അവന്‍റെ മനസിനെതിരായ അപരാധമാണെന്നു വിളിച്ചു പറയാനുള്ള ആര്‍ജവവും ബലവും എന്തുകൊണ്ട് നമുക്ക് ഇല്ലാതെപോകുന്നു?
കാലിത്തൊഴുത്തില്‍ പിറക്കുകയും അമരങ്ങളില്‍ അന്തിയുറങ്ങുകയും കുരിശിനോടു ചേര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത ഒരാളെക്കുറിച്ചു പറയാന്‍, പൊന്നുപാകിയ അള്‍ത്താരകളില്‍നിന്ന് എനിക്കു ധൈര്യം വരുന്നില്ല.
പിന്നീടു നടക്കേണ്ട തിരുവത്താഴ ശുശ്രൂഷകളുടെ സൂചനയായി അപ്പം വര്‍ദ്ധിപ്പിച്ച അടയാളങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നുവെങ്കില്‍ അതു സംഭവിച്ച ഇടങ്ങളെ നാം മറന്നു പോകുന്നതെന്തുകൊണ്ട്? പാവപ്പെട്ട മനുഷ്യന്‍റെ മദ്ധ്യേ ഇരുന്നു തുറസായ ഇടങ്ങളില്‍ നിത്യജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി അടുപ്പത്തിലും സ്നേഹത്തിലും അര്‍പ്പിക്കപ്പെടേണ്ട ബലികളെ നാമിനി കിനാവുകാണേണ്ടിയിരിക്കുന്നു. കുന്തിരിക്കത്തിന്‍റെ ഗന്ധമില്ല. ഭൂമിയിലെ ഏറ്റവും മഹത്വമുള്ള വിയര്‍പ്പിന്‍റെ ഗന്ധം മതി. ആയിരം വാദ്യേപകരണങ്ങളുടെ താളം വേണ്ട. എന്‍റെ പെങ്ങളുടെ നെടുവീര്‍പ്പും ഏങ്ങലടിയും മതി.
പാറകള്‍ തകര്‍ന്നു. യേശു തന്‍റെ പ്രപഞ്ചത്തെ ഗൗരവമായിട്ടെടുത്തു. ഇത്തിരിപ്പൂവിനെയും ആകാശപ്പറവകളെയും ജീവിത അവബോധത്തിന്‍റെ പാഠപുസ്തകങ്ങളാക്കിയ ഒരാളെ പ്രപഞ്ചവും ഗൗരവമായിട്ടു തന്നെ എടുത്തു. അവനെ കുരിശിലേറ്റിയ ഹൃദയ കാഠിന്യത്തോടു ശിലകള്‍ പ്രതിഷേധിച്ചതു സ്വയം പിളര്‍ന്നാണ്. കൂടം കൊണ്ടടിച്ചാലും തകരാത്ത പാറകള്‍ സ്വയം പിളരുകവഴി തങ്ങളുടെ സംവേദനക്ഷമതയെ (സെന്‍സിറ്റീവിനെസിനെ) സാക്ഷ്യപ്പെടുത്തുകയാണ്. നമുക്കു മുമ്പേ എല്ലാമറിയുന്നതു പ്രപഞ്ചം തന്നെ.
ഭൂകമ്പം സംഭവിച്ചൊരു നാട്ടില്‍ അതിനും ഏതാനും മണിക്കൂറുകള്‍ മുമ്പേ അക്വേറിയത്തിലെ മത്സ്യങ്ങള്‍ ഇളകി മറിയുന്നു. കൂട്ടിലെ കിളികള്‍ കമ്പിയഴികളില്‍ ചിറകിട്ടടിക്കുന്നു. വളര്‍ത്തുനായ വേവലാതിയോടെ ഓലിയിടുന്നു. വീട്ടുടമസ്ഥന്‍ മാത്രം ചാരുകസേരയില്‍ വിശാലമായിരുന്ന് അന്നത്തെ പത്രം അരിച്ചു വായിക്കുകയാണ്, തലയില്‍ മേല്‍ക്കൂര വീഴുമ്പോഴും! നമുക്കു മുമ്പേ നമ്മുടെ പ്രപഞ്ചം എല്ലാം അറിയുന്നുണ്ട്.
ഇതൊരു ഉപമയായെടുക്കാം. കാഠിന്യങ്ങളുടെ പര്യായമാണല്ലോ ശിലാഹൃദയം. കാഠിന്യഹൃദയരായ മനുഷ്യര്‍ വാഴുന്ന ഈ ഭൂമിയെ മെഴുകുപോലെ രൂപപ്പെടുത്തുവാന്‍ ഒരു ക്രിസ്തു അവബോധത്തില്‍ മാത്രമേ ബലമുണ്ടാവൂ. നമ്മുടെ നിയമങ്ങളുടെയും ശാഠ്യങ്ങളുടെയും കൂടം കൊണ്ട് ഒരു മനുഷ്യനെയും എനിക്കു മാറ്റാനാവില്ല. പാറകളെ മണ്ണാക്കി മാറ്റുന്നതു കൂടങ്ങളല്ല. ഭൂമിയിലെ ഏറ്റവും സൗമ്യവും മൃദുലവുമായൊഴുകുന്ന ജലപ്രവാഹങ്ങളാണ് എന്ന് ധ്യാനിച്ചിട്ടുണ്ടോ? നിരന്തരമായി തനിക്കു മീതേ ഒഴുകുന്ന പുഴയാണ് ഒരു പാറയെ രൂപപ്പെടുത്തുന്നത്. ബലം തോല്‍ക്കുന്നിടത്തു സൗമ്യതയും സ്നേഹവും ആത്യന്തിക വിജയം നേടുന്നു. പരിഭവങ്ങളില്ലാതെ സ്നേഹപൂര്‍വ്വം നീ യൊഴുകിയാല്‍ മാത്രം മതി.
ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. മൃതര്‍ രക്ഷയ്ക്കുവേണ്ടി കാത്തു കിടക്കുകയായിരുന്നു.
സംവത്സരങ്ങളായി അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ സംഭവങ്ങളെ വായിച്ചെടുത്ത സഭാപിതാക്കന്മാരുണ്ടായിരുന്നു. എവുസേബിസ് ക്വാദ്രാത്തൂസ് എന്ന പണ്ഡിതന്‍, ഉയിര്‍ത്തെണീറ്റവര്‍ രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭം വരെ ജീവിച്ചിരുന്നു എന്നുവരെ വാദിച്ചു.
ഞാന്‍ ശവക്കല്ലറകള്‍ തുറന്നു നിങ്ങളെ ഉയര്‍ത്തും. ഇസ്രായേല്‍ ദേശത്തേക്കു ഞാന്‍ നിങ്ങളെ തിരികെ കൊണ്ടുപോകും. കല്ലറകള്‍ തുറന്നു ഞാന്‍ നിങ്ങളെ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവെന്ന് നിങ്ങള്‍ അറിയും. (എസക്കിയല്‍ 37:12-23).
ഈ കാണുന്നവയ്ക്കു വേണ്ടിയാണ് ഞാന്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നതെങ്കില്‍ ഞാന്‍ ദുര്‍ഭഗന്‍ തന്നെ. ക്രിസ്തു എനിക്കൊരറിവു മാത്രമാണ്. അവന്‍ രക്ഷയുടെ ഭാഗമായി മാറുന്നില്ല. അറിവെന്ന പുല്ലാങ്കുഴലിന്‍റെ പിന്നാലെ നടന്നുനടന്നു നമ്മള്‍ ഏതു തുരങ്കത്തിലേക്കാണ് നടന്നു പോകുന്നത്? പൈഡ്പൈപ്പറെപ്പോലെ ന മ്മുടെ ഗുരുക്കന്മാര്‍ കുഴലൂതി എവിടേക്കാണ് നമ്മളെ കൊ ണ്ടുപോകുന്നത്? എനിക്കാവ ശ്യം ഇനി രക്ഷയാണ്. അറിവി ന്‍റെ ആഡംബരങ്ങള്‍ ഇനി ഭാരം തന്നെ.
രണ്ടു ഗുരുക്കന്മാര്‍ക്കിടയില്‍ അലഞ്ഞു നടക്കേണ്ടിവന്ന ഒരു സ്ത്രീയെക്കുറിച്ച് സെബാസ്റ്റ്യന്‍ എഴുതിയിട്ടുണ്ട്. അതിന്‍റെ സാരമിതാണ്. വിധവയായ സ്ത്രീ. അവളുടെ ഏകമകന്‍ മരിച്ചു. കപിലവസ്തുവിലെ ഗുരുവിനെ തേടി അവളെത്തി. എന്‍റെ മകന്‍, എന്‍റെ എല്ലാം, അവന്‍ എന്നെ വിട്ടുപോയി.
അവളുടെ കരച്ചില്‍ കണ്ട് ഗുരു പറഞ്ഞു: നിന്‍റെ കുഞ്ഞി നു ഞാന്‍ ഉയിരേകാം. എന്നാല്‍, അതിനാദ്യം ആരും മരിക്കാത്ത ഒരു വീട്ടില്‍ നിന്ന് ഒരു കടുകുമണി കൊണ്ടുവരിക. കേട്ടതിന്‍റെ യുക്തിയറിയാതെ അവള്‍ ഭ്രാന്തമായി ഓടി. പി ന്നെ മനസിലാക്കി, ആരും മരിക്കാത്ത വീടില്ല എന്ന്. ആ അറിവില്‍, മരണത്തിന്‍റെ അനിവാര്യ ത എന്ന വെളിച്ചത്തില്‍ അവള്‍ സ്വസ്ഥയായി. എന്നാലും സ്വസ്ഥത ഉയിരായി മാറുന്നില്ല. അവളുടെ ദുര്‍ബലകരങ്ങളില്‍ തളര്‍ന്നു കിടക്കുന്ന കുഞ്ഞ്. ആ കുഞ്ഞുമായി അവള്‍ യാ ത്രചെയ്തു. ആറു നൂറ്റാണ്ടുകളോളം. ഒടുവില്‍ നയിന്‍ എന്ന ഒരു പട്ടണത്തിലെത്തി. ആ ദിവസങ്ങളിലൊക്കെ അവിടത്തെ മനുഷ്യര്‍ പറഞ്ഞിരുന്നത് ചെറുപ്പക്കാരനായ ഒരു തച്ചനെക്കുറിച്ചായിരുന്നു. തടിത്തരങ്ങളെ ചിന്തേരിട്ടു മിനുക്കുന്നതു പോലെ ഏത് അസുരമായ മനസിനെയും ചാരുതയുള്ളതാക്കി മാറ്റാമെന്നു വിശ്വസിച്ച ഒരു ചെറുപ്പക്കാരന്‍. അയാള്‍ ആ നഗരവഴികളിലൂടെ വരേണ്ടതായിരുന്നു. അവള്‍ തന്‍റെ കുഞ്ഞിനേയും പേറി അവന്‍റെ മുന്നിലെത്തി. ക്രിസ്തു അവളോടു മരണത്തിന്‍റെ അനിവാര്യതയെക്കുറിച്ചു പറഞ്ഞില്ല. ആരും മരിക്കാത്ത വീട്ടിലെ കടുകിനെ തിരയാന്‍ പറഞ്ഞില്ല. എന്തിന്, മരണത്തിനപ്പുറം നീളുന്ന ജീവിതത്തെക്കുറിച്ചു പോലും പറഞ്ഞില്ല. അവിടന്നു കരങ്ങള്‍ നീട്ടി ഇങ്ങനെ പറഞ്ഞു: യുവാവേ എഴുന്നേല്‍ക്കുക. ആ വിരല്‍തുമ്പിലൂടെ ജീവന്‍റെ പ്രവാഹമുണ്ടായി. മൃതമായ ഓരോ ജൈവകോശത്തെയും തട്ടിയുണര്‍ത്തി. അയാള്‍ എഴുന്നേറ്റു. ഇതാണ് രക്ഷ. അറിവിന് എന്നെ സ്വസ്ഥപ്പെടുത്താനേ ആവൂ. ഉയിരിന,് ജീവന്‍റെ അഭിവൃദ്ധിക്ക് അവന്‍റെ കൃപതന്നെ എന്നെ തേടിയെത്തണം.
ഈ രക്ഷയ്ക്കു വേണ്ടിയാണ് ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്. മൃതര്‍ ഉണര്‍ന്നെത്തുന്ന സ്വര്‍ഗ്ഗീയ ജറുസലേമില്‍ അവനോടൊപ്പം നില്‍ക്കാനാവുക. ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി ഇനി മേല്‍ ഞാന്‍ ക്രിസ്തുവിനെ തെരയുകയില്ല . . . സത്യം!