പൗരത്വം തെളിയിക്കാന്‍ പുതിയതിരിച്ചറിയല്‍ കാര്‍ഡ്

കൊല്ലം: രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയില്‍. അര്‍ഹരായ എല്ലാവര്‍ക്കും സ്മാര്‍ട്ട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് നല്‍കാനാണ് പദ്ധതി.
നിലവില്‍ രാജ്യത്തു നടന്നുവരുന്ന സെന്‍സസ് പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കാര്‍ഡിന് അന്തിമരൂപം നല്‍കുക. സാധുവായ രേഖകള്‍ ഉള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സ്മാര്‍ട്ട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് നല്‍കും. അതിനുശേഷം ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാര്‍ഡ് ആയിരിക്കും.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും കാര്‍ഡ് നിര്‍മ്മിക്കുക. ഇത് വ്യാജമായി നിര്‍മ്മിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്യുന്നത്. രാജ്യത്ത് നിലവിലുള്ള ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കാന്‍ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പുതിയ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇത് വരുന്നതോടെ രാജ്യത്ത് നിലവിലുള്ള ഒരു കാര്‍ഡും സര്‍ക്കാര്‍ റദ്ദാക്കുകയുമില്ല. ഓരോ കാര്‍ഡുകളും അതിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കുന്നത് തുടരും.
ബാങ്കിംഗ് ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമായി ആധാര്‍കാര്‍ഡ് ഉപയോഗിക്കാനാകും. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മാത്രമായി വോട്ടര്‍ ഐഡി കാര്‍ഡിന്‍റെ ആവശ്യം നിജപ്പെടുത്തും. പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിനു മാത്രം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാം. ആദായനികുതി സംബന്ധമായ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡും പ്രയോജനപ്പെടുത്താനാകും. സ്മാര്‍ട്ട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ മാത്രമേ ഉപയോഗിക്കാനാകൂ.
ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയിലെ സര്‍ക്കാര്‍ ഡേറ്റാബേസുകളില്‍ നിന്ന് വിവരങ്ങള്‍ വ്യാപകമാ യി ചോരുന്നുണ്ട്. മാത്രമല്ല എല്ലാത്തിന്‍റെയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും സൃഷ്ടിക്കപ്പെടുന്നു. ഇത് ഈ രേഖകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായതിനാലാണ് പ്രശ്നം ശാശ്വതമായി പരിഹിരിക്കുന്നതിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സുരക്ഷിതമായ തിരിച്ചറിയല്‍ സംവിധാനം നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേടാന്‍ ഈ കാര്‍ഡ് വഴിയായിരിക്കും സാധിക്കുക.