ഗ്രീന്‍ കാര്‍ഡ് അപേക്ഷകരുടെ ‘അമേരിക്കന്‍ വിരുദ്ധത’ പരിശോധിക്കാന്‍ യു. എസ്.

വാഷിങ്ടണ്‍: യു. എസില്‍ തൊഴിലും ജീവിതവും തേടി കുടിയേറാനൊരുങ്ങുന്നവര്‍ക്ക് അനുമതി നല്‍കുംമുമ്പ് അവരുടെ ‘അമേരിക്കന്‍ വിരുദ്ധത’ കൂടി പരിശോധന വിധേയമാക്കാന്‍ തീരുമാനം. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പുതിയ നയത്തിലാണ് വ്യക്തികളുടെ നിലപാടിന്‍റെ പേരില്‍ ഗ്രീന്‍ കാര്‍ഡ് അപേക്ഷ തള്ളാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുള്ളത്. അമേരിക്കന്‍ വിരുദ്ധ, തീവ്രവാദ, സെമിറ്റിക് വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചവരോ അവര്‍ക്ക് പിന്തുണ നല്‍കിയവരോ എങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷ തള്ളാം. രാജ്യത്തെ ഇഷ്ടപ്പെടാതെ അമേരിക്കന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഗ്രീന്‍കാര്‍ഡും പൗരത്വവും പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് വക്താവ് മാത്യു ട്രാഗെസര്‍ പറഞ്ഞു. അപേക്ഷകരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ക്ക് നേരത്തെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ തൊഴില്‍ തേടി അമേരിക്കയിലെത്തുന്നുണ്ട്. 2023ലെ കണക്കുകള്‍ പ്രകാരം 29 ലക്ഷം ഇന്ത്യക്കാരാണ് യു.എസില്‍ താമസിച്ചത്.