ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിആവശ്യപ്പെട്ട് യുവതികള്‍ വനിതാ കമ്മീഷനില്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്യാനെത്തിയ തങ്ങളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ആദിവാസി യുവതികള്‍ സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ സ്വദേശികളായ മൂന്ന് ആദിവാസി യുവതികള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.
പരാതിയില്‍ ബുധനാഴ്ച റായ് പൂരിലെ ആസ്ഥാനത്ത് കമ്മീഷന്‍ ആദ്യ ഹിയറിംഗ് നടത്തിയതായി യുവതികളുടെ അഭിഭാഷകന്‍ ഫൂല്‍സിംഗ് കാച്ചലാം അറിയിച്ചു. കേസില്‍ അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബജ്രംഗ്ദള്‍ നേതാക്കളായ ജ്യോതി ശര്‍മ, രത്തന്‍ യാദവ്, രവി നിഗം എന്നിവര്‍ക്കു കമ്മീഷന്‍ നോട്ടീസ് അയച്ചു.
യുവതികളോട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയതായി പരാതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 19നും 24നും ഇടയില്‍ പ്രായമുള്ള യുവതികള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണു ജോലിക്കായി കന്യാസ്ത്രീകള്‍ക്കൊപ്പം യാത്ര ചെയ്യാനായി വന്നത്. ഇവര്‍ സ്വമേധയാ ക്രൈസ്തവ വിശ്വാസം പിന്‍തുടരുന്നവരാണ്.
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ജാതീയമായി അധിക്ഷേപിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു എന്നും ബജ്രംഗ്ദള്‍ നേതാക്കളായ ജ്യോതി ശര്‍മ, രത്തന്‍ യാദവ്, രവി നിഗം എന്നിവരാണു അതിക്രമത്തിനു നേതൃത്വം നല്‍കിയത് എന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞമാസം 25നാണ് മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കാണപ്പെട്ട യുവതികളെയും ഒരു യുവതിയുടെ സഹോദരനെയും മനുഷ്യക്കടത്ത് ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍റെ പരാതിപ്രകാരം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന യുവതികളെയും യുവാവിനെയും നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കി കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതി.
കന്യാസ്ത്രീകളും കൂടെയുണ്ടായിരുന്നവരും ആരോപണം നിഷേധിച്ചെങ്കിലും ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി റെയില്‍വേ പോലീസ് കന്യാസ്ത്രീകളെയും ആദിവാസി യുവാവിനേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പത്തു ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിഞ്ഞശേഷമാണു മൂവരും എന്‍.ഐ.എ. കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചു പുറത്തിറങ്ങിയത്.