കുട്ടികളെ വളര്‍ത്തുമ്പോള്‍…

മുക്ക് ചുറ്റും ലോകം യാഥാര്‍ത്ഥ്യമെന്നും അയഥാര്‍ഥ്യമെന്നും രണ്ടായി വേര്‍തിരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഈ മാറ്റത്തിനനുസൃതമായി നമ്മുടെ സാമൂഹികോത്തരവാദിത്വങ്ങളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. വിവാഹം, പിറന്നാള്‍, ബിരുദം കരസ്ഥാമാക്കല്‍, ശവസംസ്കാരം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നതുപോലെതന്നെയാണ് സാഹചര്യങ്ങള്‍ക്കനുസൃതമായി സോഷ്യല്‍ മീഡിയയിലെ സ്റ്റാറ്റസുകള്‍ നാം മാറ്റുന്നതും. സന്തോഷവും സങ്കടവും അത്ഭുതവുമൊക്കെ നാം രേഖപ്പെടുത്തുകയും ചെയ്യും. സാമൂഹികമായ ഒരു പരിണാമത്തിന്‍റെ അവസ്ഥയിലൂടെയാണ് നമ്മുടെ തലമുറ കടന്നുപോകുന്നത്. സാങ്കേതികവിദ്യകളുടെയും സോഷ്യല്‍ മീഡിയകളുടെയും അടിമകളായി കുട്ടികള്‍ മാറുന്നത് പലപ്പോഴും നമുക്ക് നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടിവരാറുണ്ട്. സാങ്കേതികവിദ്യയുടെ കാലത്തു ജീവിക്കുന്ന മാതാപിതാക്കളായതിനാലും അതിന്‍െറ ദൂഷ്യഫലങ്ങളെക്കുറിച്ച് നാം ബോധവാന്മാരായതുമാണ് ഈ നിസ്സഹായതയ്ക്കു കാരണം. സാങ്കേതിക വിദ്യയുടെ സ്വാധീനത്തില്‍ അകപ്പെടാന്‍ കുട്ടികളെ അനുവദിക്കണോ വേണ്ടയോ എന്നത് പല മാതാപിക്കളെയും കുഴപ്പിക്കുന്ന ചോദ്യമാണ്. മറ്റുള്ളവര്‍ അവകാശപ്പെടുന്നതുപോലെ ഒരു നല്ല കാര്യമാണോ അത്? അതിനെന്തെങ്കിലും ദോഷമുണ്ടാകുമോ? ഏറെക്കാലം ഉപയോഗിച്ചാല്‍ അതിന്‍റെ സ്വീധീനഫലം എന്തായിരിക്കും? ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുമോ? ഇങ്ങനെ പല ചോദ്യങ്ങളും മാതാപിതാക്കളുടെ മനസ്സില്‍ ഇടംപിടിക്കും.
സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും ജീവിതത്തിലെ ഒഴുവാക്കാനാകാത്ത സംഗതികളായി മാറി എന്നതിനെക്കാള്‍ അതൊരു ജീവിതരീതിയായി മാറിയിരിക്കുന്നു. നിയമങ്ങളും മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും പാലിക്കുന്ന ജീവിത ശൈലിയാണ് നിങ്ങളുടേതെങ്കില്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിനെ പ്രതികൂലമായി ബാധിക്കാനിടയില്ല. സാങ്കേതികവിദ്യകളുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നത് മാതാപിതാക്കളെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ്. അതേസമയംതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്കുമേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിവേചനത്തോടെ അത് ഉപയോഗിക്കാന്‍ അവരെ ഉപദേശിക്കുകയും വേണം. ഇന്നത്തെ ചുറ്റുപാടില്‍, പ്രായഭേദമില്ലാതെ എല്ലാകുട്ടികളും ഇന്‍റര്‍നെറ്റിനും ആധുനികോപകരണങ്ങള്‍ക്കും അടിമപ്പെടാറുണ്ട്. എങ്കിലും കൗമാരക്കാരായ കുട്ടികളിലാണ് ഇതിനോടുള്ള അടങ്ങാത്ത താത്പര്യവും അടിമപ്പെടലും കൂടുതലായി കാണപ്പെടുന്നത്. സോഷ്യല്‍ മീഡിയായുടെ ഉപയോഗത്തെക്കുറിച്ച് കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയോട് മാതാപിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സാധിക്കും.
അതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ:
കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കുറിച്ചറിയുവാനുളള ഏറ്റവും നല്ല മാര്‍ഗം അവര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സൈറ്റില്‍ നിങ്ങളും അംഗമാവുക എന്നതാണ്. ഉദാഹരണത്തിന് ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിക്കുക. എന്നിട്ട് നിങ്ങളുടെ കുട്ടിയുടെ സുഹൃത്താവുക. നിങ്ങളുടെ കുട്ടി എന്താണ് ഫെയ്സ്ബുക്കില്‍ ചെയ്യുന്നതെന്നും എന്തൊക്കെയാണ് പോസ്റ്റ് ചെയ്യുന്നതെന്നുമൊക്കെ ഇതിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. നല്ലതല്ലാത്ത എന്തെങ്കിലും കാണുകയാണെങ്കില്‍ അവരോടു ചോദിക്കുക. കാര്യങ്ങള്‍ വഷളാകുന്നതിനനുവദിക്കാതെ അതേക്കുറിച്ച് അവരോടു സംസാരിക്കുക.
മാതാപിതാക്കള്‍ എങ്ങനെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് കുട്ടികളോട് തീര്‍ച്ചയായും സംസാരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ (കുട്ടികള്‍)എങ്ങനെയാണ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതെന്ന് മാതാപിതാക്കളോടു പറയും. സോഷ്യല്‍ മീഡിയായെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇത്തരം സംഭാഷണങ്ങളിലൂടെ കുട്ടികളെ ബോധവാന്‍മാരാക്കാന്‍ സാധിക്കും എന്നതില്‍ സംശയം വേണ്ട. തെറ്റായ രീതിയില്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന പരിണിതഫലങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം.
കുട്ടികള്‍ എത്ര നേരം സോഷ്യല്‍ മീഡിയയ്ക്കു മുന്നില്‍ ചെലവഴിക്കുന്നു. എന്തൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒറ്റനോട്ടത്തില്‍ കാണാവുന്നിടത്തു വേണം വീട്ടില്‍ കംപ്യൂട്ടര്‍ സ്ഥാപിക്കാന്‍. മോാബൈല്‍ ഫോണ്‍ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുന്നതും നല്ലതാണ്. കാരണം, മൊബൈല്‍ സ്ക്രീനില്‍ കണ്ണുനട്ട് ഇരിക്കാനുള്ള സമയമല്ലിത്, കൗമാരം അവര്‍ നല്ല രീതിയില്‍ ആഘോഷിക്കട്ടെ.
സോഷ്യല്‍ മീഡിയയിലെ നിങ്ങളുടെ ചെയ്തികള്‍ ആ ലോകത്തിനു മുഴുവന്‍ കാണാന്‍ സാധിക്കുമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ട്വിറ്ററിലോ ഫേസ്ബുക്കിലോ നിങ്ങള്‍ ഒരു ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ അത് ഒരു പാടു പേരിലേക്കാണ് എത്തിച്ചേരുന്നത്. അതു മനസ്സിലാക്കി വേണം ചിത്രങ്ങളും മറ്റും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. പ്രൈവസി ബുക്കില്‍ പ്രൈവസി സെറ്റിംങ്സുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുകയോ നിങ്ങള്‍ തന്നെ അവ സെറ്റ് ചെയ്യുകയോ ആവാം. സാഹചര്യത്തിന്‍റെ ഗുരുതര സ്വഭാവത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാനുളള ഏറ്റവും നല്ല മാര്‍ഗം അവരോടു തുറന്നു സംസാരിക്കുക എന്നതാണ്.
കുട്ടികള്‍ കംപ്യൂട്ടറിനും മൊബൈലിനും മുന്നില്‍ ചെലവഴിക്കുന്ന സമയത്തിന്‍റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താം. പകരം മറ്റു വിനോദങ്ങളില്‍ – വായന, കളികള്‍ തുടങ്ങിയവയില്‍ – ഏര്‍പ്പെടാന്‍ അവരെ പ്രേരിപ്പിക്കാം. ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് അവരുടെ ബുദ്ധിവികാസത്തെയും സഹായിക്കും.
കുട്ടികളുമായി തുറന്ന രീതിയില്‍ ആശയവിനിമയം നടത്തുക, അവരുമായി മികച്ച ബന്ധം സ്ഥാപിക്കുക വഴി മാത്രമേ സാങ്കേതിക വിദ്യയുടെ ഭാഗമായ അപകടങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കുകയുള്ളു. ഇടയ്ക്കിടെയുള്ള ഹൃദയം തുറന്നുള്ള സംഭാഷണങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് രക്ഷാകവചമാകും. സുരക്ഷിതമായ, കേടുപറ്റാത്ത ഒരു കുടുംബത്തിന്‍റെ നിര്‍മിതിക്ക് ഇവ അനിവാര്യമാണ്.