
പത്തനംതിട്ട: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ പരീക്ഷാ ഭവനിലായിരിക്കും എസ്.എസ്.എല്‍.സിയില്‍ മാറ്റം വരുത്തി നല്‍കുക. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ വരുത്തുന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ആ വ്യക്തിയുടെ മറ്റ് സര്‍ട്ടിഫിക്കറ്റുകളിലും തിരുത്തല്‍ വരുത്താം. പേരുമാറ്റിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റാന്‍ പാടില്ലെന്ന 1984-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി നടന്ന കേസിന്‍റെ വിധിയുടെ അടിസ്ഥാനത്തിലാണ് കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആര്‍) സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
പേര് മാറ്റി ഗസറ്റില്‍ വിജ്ഞാപനം ചെയ്താലും എസ്.എസ്.എല്‍.സി. ബുക്കിലെ പേര് മാറ്റി നല്‍കാത്തത് ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പേര് തെളിയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പഴയ പേരുള്ള എസ്.എസ്.എല്‍.സി. ബുക്കും പുതിയ പേര് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കേണ്ടി വന്നിരുന്നു. പേര് മാറ്റി ഗസറ്റില്‍ വിജ്ഞാപനം ചെയ്താലും സ്കൂള്‍ രേഖകളില്‍ പഴയ പേര് കിടക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു എസ്.എസ്.എല്‍.സി ബുക്കിലെ പേര് പരീക്ഷാഭവന്‍ മാറ്റി നല്‍കാതിരുന്നത്.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിലെ പേരില്‍ അക്ഷരത്തെറ്റ് തിരുത്താന്‍ ഗസറ്റ് വിജ്ഞാപനത്തിന്‍റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പേര് തിരുത്തി നല്‍കാമെന്ന് 2021-ലാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ വിധി നടപ്പാക്കാതിരുന്നപ്പോള്‍ കോടതിയലക്ഷ്യ ഹര്‍ജി വന്നു. തുടര്‍ന്നു തിരുത്തല്‍ അനുവദിക്കാമെന്നും ഇതിനായി കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇതാണിപ്പോള്‍ യാഥാര്‍ത്ഥ്യമായത്.