
എ.ഐ.സി.സി. അംഗവും പ്രഭാഷകനും ചിന്തകനുമായ റ്റി.ഡി. പ്രദീപ് കുമാറിന്‍റെ ക്രിസ്മസ് ചിന്തകള്‍

റ്റി. ഡി. പ്രദീപ് കുമാര്‍
ലോകത്തിന്‍റെ സ്നേഹപ്രവാചകനാണ് ക്രിസ്തു എന്നത് ഈ ലോകത്തില്‍ ദര്‍ശിക്കപ്പെട്ടിട്ടുള്ള എല്ലാ ദൈവിക സങ്കല്പങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ്. പരസ്പര സ്നേഹത്തിനും വിശ്വാസത്തിനും ഇത്രമാത്രം പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു പ്രഘോഷണവും മറ്റൊരാളില്‍ നിന്നും ഉണ്ടായിട്ടില്ല. എനിക്ക് ക്രൈസ്റ്റ് ഏറ്റവും പ്രിയങ്കരനാകുന്നത് ക്രിസ്തു ലോകത്തിന് സ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തമായ മാതൃകകള്‍ സമ്മാനിക്കുകയും സ്നേഹത്തെ പ്രസരിപ്പിക്കുന്നതിനു വേണ്ടിയുള്ള നിത്യമായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു എന്നുള്ളതാണ്.
നിന്ദിതരെയും പീഡിതരെയും ചേര്‍ത്തു പിടിക്കാന്‍ ക്രിസ്തു പ്രത്യേകം ശ്രദ്ധിച്ചു. അവരോട് തന്‍റെ അടുത്തേക്ക് വരുവാനാണ് ആഹ്വാനം ചെയ്തത്. ഈയൊരു സന്ദേശം യഥാര്‍ത്ഥ ദൈവത്തില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും ഉണ്ടാകില്ല.
ഈശ്വരീയമായ പല ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ക്രിസ്തുവിന്‍റെ ചിത്രത്തിന്‍റെ ഒരു പ്രത്യേകത, അത് വിനയത്തിന്‍റെയും സാത്വികതയുടെയും നൈര്‍മല്യത്തിന്‍റെയും ഒരു ദിവ്യഭാവം പ്രസരിപ്പിക്കുന്നു എന്നതാണ്. അല്പം കുനിഞ്ഞ ശിരസോടെയുള്ള ക്രിസ്തുഭാവം വ്യക്തമാകുന്നത് എല്ലാത്തിനെയും തന്നിലേക്ക് സ്വീകരിക്കാനുള്ള സുമനസ്സാണ്.
ഏത് ദേവാലയങ്ങള്‍ കണ്ടാലും അവിടെയൊന്ന് ശിരസ് നമിച്ചേ പോകാവൂ എന്ന് ചെറുപ്പത്തിലേ അമ്മ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളെ കൈപിടിച്ച് ക്ഷേത്രങ്ങളില്‍ കൊണ്ടുപോകുന്നതുപോലെതന്നെ അമ്മ ഞങ്ങളെ ക്രിസ്തുവിന്‍റെ ആലയങ്ങളിലും കൊണ്ടുപോയിട്ടുണ്ട്. അമ്മയ്ക്കിപ്പോള്‍ 80 വയസ്സു കഴിഞ്ഞു. എന്‍റെ ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നുവരെയും എന്‍റെ അമ്മ എല്ലാ ദിവസവും ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മതത്തിനപ്പുറമുള്ള ദൈവസ്നേഹത്തില്‍ വിശ്വസിക്കുന്ന ആളാണ് അമ്മ. അമ്മയുടെ ആ വിശ്വാസം ഞങ്ങള്‍, മക്കളിലേക്ക് പകര്‍ന്നുതന്നിട്ടുണ്ട്.
ഇത് ക്രിസ്തുമസ് കാലമായതിനാല്‍ ഒരുപാട് ക്രിസ്തുമസ് ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തുന്നുണ്ട്. കടുത്തുരുത്തിയിലെ ഒരു പള്ളിയോട് ചേര്‍ന്ന സ്ഥലത്തുള്ള വീട്ടിലായിരുന്നു ബാല്യകാലജീവിതം. കടുത്തുരുത്തി അനുനൂറ്റിമംഗലം മലകയറ്റപള്ളിയില്‍ ക്രിസ്തുമസ് നാളുകളില്‍ വലിയ ആഘോഷമാണുള്ളത്. കുട്ടികള്‍ പുരോഹിതന്‍റെ സഹായത്തോടെ ഉണ്ണിയേശുവിന് പുല്‍ക്കൂടുണ്ടാക്കും. ഞങ്ങളെല്ലാവരും കൂടി മനോഹരമായ പുല്‍ക്കൂടൊരുക്കിയത് ബാല്യത്തിലെ വര്‍ണ്ണാഭമായ ഓര്‍മ്മയാണ്.
ക്രിസ്തുമസ് തലേന്നുവരെ ഔസേപ്പ് പിതാവിന്‍റെയും മാതാവിന്‍റെയും ഒക്കെ രൂപങ്ങളാകും പുല്‍ക്കൂട്ടിലുള്ളത്. അവിടെ ഉണ്ണീശോയെ കാണില്ല. മുകളിലേക്ക് കൈകള്‍ ഉയര്‍ത്തി മലര്‍ന്നു കിടക്കുന്ന ഉണ്ണീശോയുടെ രൂപം ക്രിസ്തുമസ് ദിനത്തിലാണ് പുല്‍ക്കൂട്ടില്‍ വയ്ക്കുന്നത്. അത് മനസ്സിനു നല്‍കുന്ന ഒരു ഉണര്‍വ്വും കുളിര്‍മയും അത്ഭുതാവഹമായിരുന്നു.
പള്ളിയോടുള്ള എന്‍റെ സമ്പര്‍ക്കം പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് എനിക്ക് നല്‍കിയിട്ടുള്ളത്. ബാല്യത്തില്‍ ഞാന്‍ അമ്മയോടു ചോദിച്ചു: “അമ്മേ, നമ്മുടെ അച്ഛനെ പള്ളീലച്ചനാക്കാനാക്കാമോ?” അമ്മ മറുപടിയൊന്നും പറയാതെ പുഞ്ചിരിച്ചതേയുള്ളു. ഒരു പുരോഹിതന്‍റെ ദിവ്യമായ വാത്സല്യം ചെറുപ്രായത്തില്‍ തന്നേ ഞാനാസ്വദിച്ചിട്ടുണ്ട്.
ആറാക്കപ്പടല്‍ അച്ചന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പുരോഹിതന്‍ ജര്‍മ്മനിയില്‍ നിന്നും വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് കൈനിറയെ മിഠായികള്‍ തരുമായിരുന്നു. മാത്രമല്ല ഞങ്ങളുടെ പാട്ടും സംഭാഷണങ്ങളും അച്ചന്‍റെ കൈയ്യിലെ ടേപ്പ്റിക്കോര്‍ഡില്‍ റെക്കോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമായിരുന്നു. ഞങ്ങളെ കൈപിടിച്ചായിരുന്നു പള്ളിപ്പറമ്പിലൂടെ അച്ചന്‍ നടത്തുന്നത്.
പന വെട്ടി പിളര്‍ത്തി അത് പറമ്പിലിട്ട് അതിലൂടെ വെള്ളം ഒഴുക്കിയായിരുന്നു കൃഷി ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഈ വെള്ളത്തിനരികില്‍ എത്തുമ്പോള്‍ അച്ചന്‍ ഞങ്ങളുടെ രണ്ട് കൈകളിലും പിടിച്ച് പൊക്കിയെടുത്ത് വെള്ളത്തിനപ്പുറമെത്തിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരുന്നു. യാത്രയില്‍ ഉപ്പുകൂട്ടി കണ്ണിമാങ്ങാ കഴിക്കുന്നത് കൂടുതല്‍ സ്വാദുള്ള ഓര്‍മ്മയായി ഉള്ളില്‍ നിറയുന്നു. ക്രിസ്തുവിന്‍റെ ഒരു പ്രതിബിംബമായി ആ പുരോഹിതന്‍ എന്‍റെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.
എന്നെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ച മുഖ്യഘടകം മഹാത്മാഗാന്ധിയാണ്. എന്‍റെ അമ്മ ഞങ്ങള്‍ക്ക് മിഠായികളേക്കാളധികം വാങ്ങിത്തന്നിട്ടുള്ളത് പുസ്തകങ്ങളാണ്. വായനയിലൂടെ ഏറ്റവും അടുപ്പം തോന്നിയ ആള്‍ ഗാന്ധിജിയാണ്. ഗാന്ധിജി സ്വീകരിച്ച സ്നേഹത്തിന്‍റെ പാത, സഹനത്തിന്‍റെ പാത, സഹിഷ്ണുതയുടെ പാത ഇതെല്ലാം ക്രിസ്തുവില്‍ നിന്നായിരുന്നു. അതുകൊണ്ടു കൂടിയാണ് ക്രിസ്തു എന്‍റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നത്.