
കോഴിക്കോട്: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പു നടത്തുന്ന (മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാണെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. അക്കൗണ്ട് വാടകയ്ക്കു നല്‍കുകയാണെങ്കില്‍ ട്രേഡിംഗ് നടത്തി വലിയ തുക സമ്പാദിക്കാമെന്നു വാഗ്ദാനം നല്‍കി മറ്റുള്ളവരുടെ അക്കൗണ്ടും ഫോണ്‍ നമ്പറുകളും കൈവശപ്പെടുത്തിയാണ് ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘം വ്യാപകമാകുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തെരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നുണ്ട്.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പുസംഘത്തിന്‍റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണു തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ടായി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ വിവരം 1930 നമ്പറില്‍ അറിയിക്കുകയും സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും കേരളാ പോലീസ് അറിയിച്ചു.
