
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റാന്‍ നിര്‍ദ്ദേശം. നിലവില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആര്‍.ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ പ്രതികരണം തേടി. സംസ്ഥാനങ്ങള്‍ പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ‘സിറ്റിസണ്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണു നടപടി. നിയമങ്ങള്‍ പാസാക്കിയ സംസ്ഥാനങ്ങള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. ആറാഴ്ചയ്ക്കുശേഷം ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. നിലവില്‍ ഇന്ത്യയില്‍ 11 സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിയമം പാസാക്കിയിട്ടുണ്ട്.
‘മതസ്വാതന്ത്ര്യ നിയമം’ എന്നു പൊതുവെ അറിയപ്പെടുന്നെങ്കിലും അവ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടയുകയും മതപരമായ ആചാരങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതായി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിംഗ് കോടതിയില്‍ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയ മിക്ക സംസ്ഥാനങ്ങളും അതില്‍ ഭേദഗതി വരുത്തി ന്യൂനപക്ഷങ്ങള്‍ക്കു നേരേ പ്രയോഗിക്കുന്നു. 2024ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമപരമല്ലാത്ത മതപരിവര്‍ത്തനത്തിന്‍റെ ശിക്ഷ 20 വര്‍ഷമാക്കി ഉയര്‍ത്തി. ഇതൊരാളെ ജീവിതകാലം മുഴുവനും ജയിലറയ്ക്കുള്ളിലാക്കുന്നു. കൂടാതെ, പല സംസ്ഥാനങ്ങളും ജാമ്യവ്യവസ്ഥ ഭേദഗതിയിലൂടെ പരിഷ്കരിച്ചു. കള്ളപ്പണ നിരോധന നിയമത്തിലുള്ള ഇരട്ട ജാമ്യവ്യവസ്ഥകള്‍ പോലുള്ള കടുത്ത നിബന്ധനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമത്തില്‍ പല സംസ്ഥാനങ്ങളും ഭേദഗതിയിലൂടെ കൊണ്ടുവന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. 2021ല്‍ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തു പാസാക്കിയ നിയമത്തിലെ ചില വ്യവസ്ഥകള്‍ സ്റ്റേ ചെയ്തിരുന്നു. സമാന നടപടി മധ്യപ്രേദശ് സര്‍ക്കാര്‍ സ്വീകരിച്ചതായും ഹര്‍ജിക്കാര്‍ ബെഞ്ചിനെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതികളുടെ ഇടക്കാല ഉത്തരവിനെ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.
