ഇന്ത്യയില്‍ മദ്യപാനം ഇരട്ടിയായി

കൊച്ചി: ‘കുട്ടികളില്‍ മദ്യപാനാസക്തി അപകടകരമായ രീതിയില്‍ കൂടുന്നു. മദ്യപാനം തുടങ്ങുന്ന പ്രായം കുറഞ്ഞു വരികയാണ്. 30 വര്‍ഷം മുന്‍പ് ഇത് 18 വയസ്സ് ആയിരുന്നു. ഇന്ന് ആദ്യമായി ഒരാള്‍ മദ്യപിക്കുന്ന പ്രായം 12 മുതല്‍ 15 വയസ്സുവരെയാണെന്ന് പഠനങ്ങളിലുണ്ട്.’ പറയുന്നത് ഡോ. ആശിഷ്ദേശ് പാണ്ഡെ. മദ്യത്തിന് അടിമകളായവരെ മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഡോ. ആശിഷ് ദേശ് പാണ്ഡെ ചേര്‍ന്നിട്ട് മൂന്നു പതിറ്റാണ്ടായി.
‘കുട്ടികളിലേക്ക് ലഹരി എത്തുന്നത് ഭയാനകമായ സ്ഥിതിയാണ്. നമ്മുടെ ജനസംഖ്യയില്‍ ഏറെ ചെറുപ്പക്കാരുണ്ട്. ഇളംപ്രായത്തിലുള്ള മദ്യോപയോഗം മസ്തിഷ്ക വളര്‍ച്ചയെ തടസ്സപ്പെടുത്തും. പിന്നീടുള്ള ജീവിതത്തില്‍ ഇരുട്ടു വീഴ്ത്തും. പല കാരണങ്ങളാലാണ് ലഹരിയിലേക്ക് ആളുകള്‍ വീണു പോകുന്നത്. കുടുംബസാഹചര്യം, ജനറ്റിക്കല്‍ പ്രത്യേകതകള്‍ എല്ലാം വരും’ മുംബൈയില്‍ സൈക്യാട്രിസ്റ്റായ ആശിഷ് പറയുന്നു.
നടന്‍ ആമിര്‍ഖാന്‍റെ സത്യമേവ ജയതേ എന്ന ടി.വി. പരിപാടിയിലും ആല്‍ക്കഹോളിക്സ് അനോണിമസിന്‍റെ സന്ദേശവുമായി ആശിഷ് പങ്കെടുത്തിരുന്നു. മുംബൈയിലെ ഞങ്ങളുടെ സെന്‍റര്‍ ഫോര്‍ മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് അഡ്വക്കസി, റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്‍റ് സര്‍വീസസില്‍ എത്തുന്നവരുടെ ജീവിതത്തിന്‍റെ താളക്കേടുകള്‍ ഭയാനകമാണ്. കൗണ്‍സലിങ്, പുനരധിവാസം എന്നിവയിലൂടെ പടിപടിയായുള്ള വിമുക്തി നേടുന്നവരുണ്ട്. മദ്യപാനത്തെ സ്റ്റാറ്റസ് സിംബലായി കാണുന്ന പ്രവണത കൂടുന്നു എന്നതാണ് വലിയ പ്രശ്നം. സിനിമയിലും മറ്റും അതുകാണാം. പ്രലോഭനത്തിനെ അതിജീവിച്ച് മുന്നേറാന്‍ സമാനമനസ്കര്‍ ഒപ്പമുള്ളത് ഏറെ സഹായിക്കും.
ആല്‍ക്കഹോളിക്സ് അനോണിമസില്‍ അംഗങ്ങളായി മദ്യമുക്തരായ 60 ലക്ഷം പേരുണ്ട്. ഇന്ത്യയില്‍ അത് ഒരു ലക്ഷം കടന്നു. സംഘടനയുടെ സഹസ്ഥാപകനായ ബില്‍ ഡബ്ലു എഴുതിയ ‘ദ ബിഗ്ബുക്ക്’ മദ്യത്തില്‍ നിന്ന് മുക്തി നേടിയവരുടെ ജീവിതകഥ പറയുന്നതാണ്. 1939-ല്‍ പുറത്തിറങ്ങിയ പുസ്തകം 70 ലോകഭാഷകളില്‍ വിവര്‍ത്തനം ചെയ്തു.
11 വര്‍ഷത്തിനിടെ ഇന്ത്യയിലെ മദ്യപാനം ഇരട്ടിയായതാണ് ലോകാരോഗ്യ സംഘടനയുടെ 2018-ലെ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019-21 ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം പുരുഷന്മാരില്‍ 8.7 ശതമാനവും സ്ത്രീകളില്‍ 1.3 ശതമാനവും മദ്യപിക്കുന്നവരാണ്.