വിശ്വാസികളില്ലങ്കില്‍ പിന്നെ സഭയില്ലന്ന് പാസ്റ്ററന്‍മാര്‍ മനസിലാക്കണം: ഡോ. ജോര്‍ജ് തോമസ്

പെന്തക്കോസ്ത് സഭകളുടെ വിവിധ രംഗങ്ങളില്‍ നിന്ന് സഭാ വിശ്വാസികളെ ഒഴിവാക്കുകയും അവഗണിക്കുകയും അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘ നാളുകളായി ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ അല്‍മായ ശബ്ദമായി മാറിയ സഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് തോമസ് നിലപാട് വ്യക്തമാക്കുന്നു. സങ്കീര്‍ത്തനം പത്രാധിപര്‍ വിജോയ് സ്കറിയ പെരുമ്പെട്ടിയുമായി ഡോ. ജോര്‍ജ് തോമസ് നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍:

പെന്തക്കോസ്ത് സഭകളില്‍ വിശ്വാസികളെ അവഗണിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വിശ്വാസികള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഐ.പി.സി.യുടെ ആരംഭ നാളുകളില്‍ സഭാ നേതൃത്വം, പ്രത്യേകിച്ച് പാസ്റ്റര്‍ കെ.ഇ. ഏബ്രഹാം വിശ്വാസികളെ കൂടെ നിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പാസ്റ്റര്‍ കെ.ഇ. ഏബ്രഹാമിന്‍റെ ശിഷ്യരായ പാസ്റ്റര്‍ സി.കെ.ദാനിയേല്‍, പാസ്റ്റര്‍ റ്റി.റ്റി. വര്‍ഗീസ്, പാസ്റ്റര്‍ വി.റ്റി.ജോസഫ്, പാസ്റ്റര്‍ റ്റി.ജി.ഉമ്മന്‍, പാസ്റ്റര്‍ പി.എം.ഫിലിപ്പ് തുടങ്ങിയവര്‍ വിശ്വാസികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയവരാണ്.
പി.വൈ.പി.എ.യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ എന്‍റെ പിതാവ് ഡോ.റ്റി.വി.തോമസ് ദീര്‍ഘ നാളുകള്‍ പി.വൈ.പി.എ. പ്രസിഡന്‍റായി പ്രവര്‍ത്തിച്ചത് വിശ്വാസിക്കള്‍ക്ക് അന്നത്തെ സഭാ നേതൃത്വം നല്‍കിയ അംഗീകാരത്തിന്‍റെ തെളിവാണ്. സഭാംഗങ്ങളെ എല്ലാ ശുശ്രൂഷകളിലും സഹകരിപ്പിച്ച് അവരെ പ്രോല്‍സാഹിപ്പിക്കുവാന്‍ പഴയകാല സഭാപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് സഭ വളര്‍ന്നത്. ഐ.പി.സിയില്‍ എന്നതുപോലെ ഇതര പെന്തക്കോസ്ത് സഭകളിലും സ്ഥിതി ഇതുതന്നെയായിരുന്നു.
എന്നാല്‍ കാലം പിന്നിട്ടപ്പോള്‍ വിശ്വാസികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാന്‍ പാസ്റ്ററന്മാര്‍ തയ്യാറാകാത്തത് സഭാവളര്‍ച്ച മുരടിക്കാന്‍ മാത്രമാണ് കാരണമാകുന്നത്.
പത്തുവര്‍ഷം മുന്‍പ് കുമ്പനാട് മുട്ടുമണ്ണില്‍ വിശ്വാസികള്‍ മാത്രം പങ്കെടുത്ത ഒരു യോഗത്തില്‍ പ്രൊഫ. മാത്യു പി തോമസ് പറഞ്ഞ വാക്കുകള്‍ എക്കാലത്തും ശ്രദ്ധേയമാണ്. അതിതാണ്-

വിശ്വാസികള്‍ക്ക് അര്‍ഹമായ അംഗീകാരം നമ്മുടെ സഭകളില്‍ ലഭിക്കുന്നില്ല. വിശ്വാസികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തി അവിടെ വിശ്വാസികളെ മാത്രം പ്രസംഗിപ്പിച്ചാല്‍ അതൊരു വലിയ മാറ്റത്തിന് കാരണമാകും.

– പ്രൊഫ. മാത്യു പി തോമസിന്‍റെ ഈ വാക്കുകള്‍ ഈ കാലത്ത് കൂടുതല്‍ പ്രസക്തമാകുകയാണ്.
ഐ.സി.പി.എഫ് എന്ന കലാലയ സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ പ്രൊഫ. മാത്യു പി തോമസിന് ഐ.പി.സി. അര്‍ഹമായ അംഗീകാരം നല്‍കിയിട്ടില്ല. ദൈവം അദ്ദേഹത്തിനു നല്‍കിയ താലന്തുകള്‍ സഭ ഉപയോഗപ്പെടുത്തിയിട്ടുമില്ല. അതിനാലാകാം ഐ.സി.പി.എഫ് പോലെ മറ്റൊരു പ്രവര്‍ത്തന മേഖല അദ്ദേഹത്തിന് തിരഞ്ഞെടുക്കേണ്ടിവന്നതെന്നാണ് എന്‍റെ വിചാരം.
ഐ.പി.സി.യുടെ ജോയിന്‍റ് സെക്രട്ടറിയായിരുന്നപ്പോള്‍ ഞാന്‍ 3 പ്രാവശ്യം കുമ്പനാട് കണ്‍വന്‍ഷനില്‍ പ്രസംഗിച്ചിട്ടുണ്ട്. മറ്റ് വിശ്വാസികള്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന് ഞാന്‍ സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടു. പിന്നീട് തോമസ് വടക്കേകൂറ്റ്, കുര്യന്‍ ജോസഫ്, എല്‍.കെ. റോയി തുടങ്ങിയവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുമ്പനാട് കണ്‍വന്‍ഷനിലെ പ്രസംഗകരായി.
നമ്മുടെ എല്ലാ സഭകളിലും വിശ്വാസികള്‍ക്ക് അവസരം നല്‍കാന്‍ നേതൃത്വം തയ്യാറാകണം. വിശ്വാസിയില്ലങ്കില്‍പിന്നെ സഭയില്ലന്ന് പാസ്റ്ററന്‍മാര്‍ ഓര്‍ക്കുന്നത് നന്ന്.