രണ്ട് പതിറ്റാണ്ടിനപ്പുറം, മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയെ സങ്കീര്‍ത്തനം വാര്‍ത്താ പത്രികയ്ക്കുവേണ്ടി അഭിമുഖം നടത്തിയ അവിസ്മരണിയ അനുഭവം ഓര്‍ത്തെടുക്കുകയാണ് ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധേയനായ ലേഖകന്‍.
ഇതുപോലെയൊരു ജനുവരി മാസത്തിലെ അവസാന ആഴ്ച. കൃത്യമായി പറഞ്ഞാല്‍ ജനുവരി 27. ജീവിതത്തിലെ മറക്കാനാവാത്ത ദിനം. ഇന്നും ഓര്‍മ്മയുടെ ശേഖരങ്ങളില്‍ ചില്ലിട്ടു സൂക്ഷിക്കുന്ന അമൂല്യമായ ഒരു കൂടിക്കാഴ്ച അച്ചടിമഷി പുരണ്ട് വായനക്കാരുടെ മുന്നില്‍ എത്തിയ ദിവസം. 2000 ജനുവരി 27നാണ് ക്രൈസ്തവ പത്രങ്ങളില്‍ വേറിട്ട വായനാസംസ്കാരവുമായി മലയാളിയുടെ മനസ്സ് കീഴടക്കിയ സങ്കീര്‍ത്തനം വാര്‍ത്താ പത്രികയുടെ രണ്ട് പേജുകളിലായി ആ ഇന്‍റര്‍വ്യൂ അച്ചടിച്ചുവന്നത്.
മലയാളത്തിന്‍റെ മഹാനായ കഥാകാരന്‍, പേശിബലമുള്ള കഥാപാത്രങ്ങളെക്കൊണ്ട് കഥ പറയിപ്പിച്ച മലയാളിയുടെ മനസ്സുകളില്‍ ചാട്ടുളി പോലെ കടന്നു കയറിയ ഒരു കഥാകാരന്‍… മന്ത്രി കെട്ടു മോഡലും, അന്തോണിയും നീയും അച്ചനായോടാ, അച്ഛന്‍ കൊമ്പത്ത്, ശബ്ദിക്കുന്ന കലപ്പ തുടങ്ങി എന്നും മലയാളിയുടെ ഓര്‍മ്മയില്‍ നിറംമങ്ങാതെ നില്‍ക്കുന്ന കഥകള്‍ പറഞ്ഞ പ്രിയ കഥാകാരന്‍ ശ്രീ. പൊന്‍കുന്നം വര്‍ക്കി… കഥ രചിച്ചതിന് സര്‍ സി.പി. രാമസ്വാമി അയ്യര്‍ കല്‍തുറങ്കില്‍ അടച്ച കഥാകാരന്‍… എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നല്‍കി മലായാളി മനസ്സിലേറ്റിയ വര്‍ക്കി സാര്‍… അദ്ദേഹത്തിന്‍റെ കഥകളെയും, അദ്ദേഹത്തിലെ കഥാകാരനെയും എന്നും ആവേശത്തോടെ കൂടിയായിരുന്നു ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളത്. ആ കഥാകാരനെ നേരില്‍ കാണുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതയ കാലം…
ഞാന്‍ ഗുരു തുല്യം ആദരിക്കുന്ന, മലയാളത്തിലെ ക്രൈതവ മാധ്യമ സംസ്കാരത്തിന് വേറിട്ട വായനാ നുഭവങ്ങള്‍ സമ്മാനിച്ച, മലയാളിയുടെ ചിന്തകള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയ സങ്കീര്‍ത്തനം വാര്‍ത്താ പത്രിക, തന്മ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപര്‍ ശ്രീ. വിജോയി സ്കറിയ പെരുമ്പെട്ടി ആയിരുന്നു ആ ആഗ്രഹം സഫലമാകാന്‍ ഒരു നിമിത്തമായി മാറിയത്. എന്നിലെ മാധ്യമ പ്രവര്‍ത്തകനെ കണ്ടെത്തി, കൂടെക്കൂട്ടി കാര്യങ്ങള്‍ പറഞ്ഞുതന്നു പഠിപ്പിച്ച അദ്ദേഹത്തിന്‍റെ സ്നേഹം മറക്കാനാവില്ല.
2019, നവംബര്‍ ആദ്യവാരത്തില്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ സംസാരത്തിനിടയില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവ പത്രങ്ങളില്‍ എന്നും വേറിട്ട ചിന്തകള്‍ കൊണ്ട് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കാനുള്ള അദ്ദേഹത്തിന്‍റെ താല്പര്യം ഞാന്‍ സ്വീകരിച്ചു. ജനുവരിയില്‍ സങ്കീര്‍ത്തനത്തിന്‍റെ ഓഫീസ് കഞ്ഞിക്കുഴിയിലേക്ക് മാറുമെന്നും പുതിയ ഓഫീസിന്‍റെ ഉത്ഘാടനം നടക്കുന്ന ലക്കത്തിനൊപ്പം ഒരു പ്രത്യേക ഫീച്ചറും നമുക്കുണ്ടാവണം എന്നദ്ദേഹം പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി സാറിനെ ഇന്‍റര്‍വ്യൂ ചെയ്ത് നമുക്കു പ്രസിദ്ധീകരിക്കണം. അത് ഷാജന്‍ തന്നെ ചെയ്യണം. കേട്ട ഉടനെ ഞാന്‍ അയ്യോ എന്നാണ് പറഞ്ഞത്. കാരണം മലയാളത്തിന്‍റെ ഇരട്ടച്ചങ്കുള്ള കഥാകാരന്‍റെ മുമ്പില്‍ പോയി നില്‍ക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന പേടിയായിരുന്നു എനിക്ക്. ഞാനീ പരിപാടിക്കില്ലന്ന് തുറന്നു പറഞ്ഞു. എന്നാല്‍ അദ്ദേഹം തന്ന ധൈര്യത്തില്‍, സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു ഞാന്‍ വഴങ്ങി. പിന്നീട് കഥകള്‍ തേടിയുള്ള യാത്രയായിരുന്നു. കഥാകാരനെ അറിയാനുള്ള ശ്രമമായിരുന്നു. കിട്ടാവുന്നതു മുഴുവന്‍ ശേഖരിച്ചു. ലൈബ്രറികള്‍ കയറിയിറങ്ങി. അവസാനം ഒരു ദിവസം ഞാന്‍ പാമ്പാടിയിലെ ചേന്നംപള്ളിയിലേക്ക്. ചേന്നംപള്ളി ഇറങ്ങി വീട് അന്വേഷിച്ചപ്പോള്‍ കേട്ടത്, അയ്യോ അങ്ങേരെ കാണാന്‍ ആണോ പോകുന്നത് ആകെ കുഴപ്പം ആണ് എന്നാണ്. മനസ്സ് ഒന്ന് പതറിയെങ്കിലും സധൈര്യം അദ്ദേഹത്തിന്‍റെ വീട് കണ്ടുപിടിച്ചു അവിടേക്ക് ചെന്നു. ചെറിയ പടികള്‍ കയറി ചെന്നപ്പോള്‍ സിറ്റൗട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കഥാകാരനെ ആണ് കണ്ടത്. നീണ്ടു വളര്‍ന്ന താടിയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് സഹായിയായ ബേബി തുടച്ചു വൃത്തിയാക്കി. എന്നെ നോക്കി പതിഞ്ഞ ശബ്ദത്തില്‍ ആരാ എന്ന് ചോദിച്ചു. ആയിരം പെരുമ്പറകള്‍ ഒന്നിച്ചു മുഴങ്ങുന്ന ആ പരുപരുത്ത ശബ്ദം എന്‍റെ മനസ്സില്‍ കൂടുതല്‍ ഭയം ഉണര്‍ത്തി. ഒറ്റവാക്കില്‍ ഞാന്‍ ആരാണ്, വന്ന കാര്യമെന്താണ് ആദിയായ വിവരങ്ങള്‍ പറഞ്ഞുതീര്‍ത്തു. പറഞ്ഞു കഴിഞ്ഞപ്പോള്‍ അദ്ദേഹം പതിയെ എന്‍റെ മുഖത്തു നോക്കി ബാക്കി വിശേഷങ്ങള്‍ അന്വേഷിച്ചു. സ്നേഹത്തോടെ ഓരോന്നും ചോദിച്ചു മനസ്സിലാക്കി. എന്നിലെ ഭയം അകന്നു തുടങ്ങിയിരുന്നു. അറിയേണ്ടത് എന്തെല്ലാമാണ് ചോദിച്ചുകൊള്ളാന്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ വീണ്ടും പേടി ഇരട്ടിച്ചു. എവിടെ തുടങ്ങണം എന്നറിയാതെ എന്‍റെ ശബ്ദമിടറി. നാവ് വരണ്ടു. എന്‍റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഷാജന്‍ ധൈര്യമായി ചോദിക്കൂ ഞാനല്ലേ പറഞ്ഞത് എന്ന് അദ്ദേഹം വീണ്ടും സ്നേഹത്തോടുകൂടി എന്നെ ഓര്‍മിപ്പിച്ചു. അരികെ ഇരുന്ന എന്നെ ചേര്‍ത്തു പിടിച്ചു. വേഗത്തില്‍ എന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ചോദ്യങ്ങള്‍ എഴുതിയ പേപ്പര്‍ എടുത്ത് ഒന്നൊന്നായി ചോദിക്കാന്‍ തുടങ്ങി. വിറയാര്‍ന്ന ശബ്ദത്തില്‍ ഉള്ള എന്‍റെ ചോദ്യങ്ങള്‍ കേട്ടു പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞത് ഞാന്‍ വേഗത്തില്‍ കുറിച്ചെടുത്തു. അവസാനം ഇനി വല്ലതും അറിയണമോ എന്ന് ചോദിക്കുമ്പോള്‍ ലോകം കീഴടക്കിയ ഒരു വിജയിയെപോലെ ഞാന്‍ ഇരുകൈകളും എന്‍റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് എനിക്കറിയില്ലയിരുന്നു, കാരണം ഞാന്‍ മറ്റൊരു ലോകത്ത് ആയിപ്പോയി. നിര്‍ഭാഗ്യവശാല്‍ അന്ന് ഫോട്ടോ എടുക്കാന്‍ ക്യാമറാമാനെ കൊണ്ടുപോയിരുന്നില്ല. മറ്റൊരു ദിവസം ഞാന്‍ ഒന്നുകൂടി വന്ന് ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അതിനെന്താ എപ്പോള്‍ വേണമെങ്കിലും വരാം എന്നായിരുന്നു മറുപടി. പിന്നെയും ഞങ്ങള്‍ സംസാരിച്ചു ഒരുപാട് നേരം… പഴയ സംഭവങ്ങളുടെ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ ഞാന്‍ കണ്ടു ആ കണ്ണുകളിലെ പ്രതിഷേധ അഗ്നിജ്വാല. വളര്‍ന്നു താഴേക്ക് തൂങ്ങിയ നരച്ച താടിയില്‍ തടവിക്കൊണ്ട് വീണ്ടും വീണ്ടും ഉറക്കെ പലതും പറഞ്ഞുകൊണ്ടേയിരുന്നു. യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോള്‍ പല ആവര്‍ത്തി ഞാന്‍ തിരിഞ്ഞു നോക്കി കൈ ഉയര്‍ത്തി കാണിച്ചു. യാത്ര പറയുമ്പോള്‍ താടിയില്‍ നിന്നും സാവധാനം കൈമാറ്റി പതുക്കെ വീശി കാണിച്ചത് ഇന്നും മനസ്സില്‍ നില്‍ക്കുന്നു. പിറ്റേദിവസം ഫോട്ടോഗ്രാഫറുമായി ചെന്ന് ആവശ്യമുള്ള ഫോട്ടോയെടുത്തു. അന്നും ചിലവഴിച്ചു ദീര്‍ഘനേരം. യാത്ര പറഞ്ഞുപോരുമ്പോള്‍ ഞാന്‍ പുറകോട്ടു നോക്കിക്കൊണ്ടെയിരുന്നു. ഇത് 1999 ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ആയിരുന്നു. ഇന്‍റര്‍വ്യൂ ഞാന്‍ പേപ്പറില്‍ വീണ്ടും പകര്‍ത്തി എഴുതുമ്പോള്‍ കഥാകാരന്‍റെ ശബ്ദം കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
പൂര്‍ത്തിയാക്കിയ രചനയുമായി ഞാന്‍ സങ്കീര്‍ത്തനത്തിന്‍റെ പടവുകള്‍കയറുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മനിര്‍വൃതി ആയിരുന്നു. ആവശ്യമായ തിരുത്തലുകള്‍ വരുത്തി അത് പ്രസിദ്ധീകരിച്ചു. 2000 ജനുവരി ഇരുപത്തിയേഴാം തീയതി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം. ക്രൈസ്തവ മാധ്യമങ്ങള്‍ അന്നും ഇന്നും സമകാലിക സംഭവങ്ങളോടോ, കാലിക പ്രസക്തിയുള്ള സംഭവങ്ങളോടോ ചേര്‍ന്ന് നില്‍ക്കാന്‍ വൈമുഖ്യം കാണിക്കുമ്പോള്‍ വളരെ ധീരമായ ഒരു ചുവടുവെപ്പായിരുന്നു സങ്കീര്‍ത്തനം വാര്‍ത്താ പത്രിക അന്ന് ചെയ്തത്. എന്നിലെ എഴുത്തുകാരനില്‍ വിശ്വാസമര്‍പ്പിച്ച് ഈ വലിയ ഉദ്യമത്തിന് എന്നെ തയ്യാറാക്കിയ വിജോയി സ്കറിയ പെരുമ്പെട്ടിയോടുള്ള നന്ദി ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ധാര്‍ഷ്ട്യമുള്ള കഥാകാരന്‍, ക്ഷോഭിക്കുന്ന എഴുത്തുകാരന്‍ എന്നൊക്കെ നമ്മള്‍ വിളിക്കുന്ന പൊന്‍കുന്നം വര്‍ക്കി സാര്‍ ഓര്‍മ്മയില്‍ മറഞ്ഞെങ്കിലും ഇന്നും ഒരു സുഖമുള്ള ഓര്‍മ്മയായി ആ കൂടിക്കാഴ്ച നില്‍ക്കുന്നു.