മരണം പലവിധം

റ്റി.വി.ജോര്‍ജ്
ദൈവമക്കള്‍ പ്രധാനമായി രണ്ടു വിധത്തിലാണ് മരണത്തെ കാണേണ്ടത്. (1) ക്രിസ്തുവില്‍ മരിക്കുന്നവരുടെ പ്രത്യേകതകള്‍. (2) പാപത്തില്‍ മരിച്ചവരുടെ അവസ്ഥകള്‍.
1.ക്രിസ്തുവില്‍ മരിക്കുന്നവരുടെ പ്രത്യേകതകള്‍

  1. ഇന്നു മുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍ (വെളി. 14:13).
  2. തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു (സങ്കീ. 116:15).
  3. നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട് (സദൃ. 14:32).
    4 പ്രത്യാശയില്ലാത്തവരെപ്പോലെ ദുഃഖിക്കേണ്ട ആവശ്യം ഇല്ല (1 തെസ്സ. 4:13).
  4. അവര്‍ നിത്യസമാധാനത്തിലേക്കു പ്രവേശിച്ചു (യെശ. 57:2).
    6.ആത്മാവിനെ ദൈവകരങ്ങളില്‍ ഭരമേല്‍പ്പിക്കുന്നു (ലൂക്കോ. 23:46, അ.പ്ര. 7:59).
  5. വിട്ടുപിരിയുന്നത് അത്യുത്തമമാണ് (ഫിലി. 1:23).
  6. മരണം ലാഭകരമാണ് (ഫിലി. 1:21, 23).
  7. അവര്‍ നിദ്രയിലേക്ക് പ്രവേശിച്ചു (യോഹ. 11:11, 26).
  8. പുനരുത്ഥാനം വരെ വിശ്രമമാണ് (ദാനി. 12:13).
  9. ശാരീരിക കൂടാരം അഴിയപ്പെടുന്നു (2 കൊരി. 5:1).
  10. ഈ ജീവിതത്തില്‍ നിന്നുള്ള പുറപ്പാടാകുന്നു (ലൂക്കോ. 2:29).
  11. പുനരുത്ഥാന പ്രത്യാശ അവശേഷിക്കുന്നു (യോഹ. 5:25-29).
  12. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെ പ്രാപിക്കും (1 കൊരി. 15:53).
  13. ഇനിയും ഒരിക്കലും മരിക്കയില്ല (വെളി. 20:6, 21:5).
  14. പാപത്തില്‍ മരിച്ചവരുടെ അവസ്ഥകള്‍

ഒരുവന്‍ തന്‍റെ പാപത്തില്‍ മരിക്കുന്നതിനേക്കാള്‍ നിര്‍ഭാഗ്യ മരണം വേറെയില്ല. പാപം അവന്‍റെ ശവക്കുഴിയില്‍ പോലും അവനെ വിട്ടുപിരിയാതെ “അവനോടുകൂടെ പൊടിയില്‍ കിടക്കും ” (ഇയ്യോ. 20:11). അവിശ്വാസികളുടെ ദേഹവിയോഗത്തില്‍ ഒരിക്കലും അവര്‍ ക്രിസ്തുവിനോടുകൂടെ വസിപ്പാന്‍ വാങ്ങിപ്പോയി എന്ന പ്രത്യാശയ്ക്കു വഴിയില്ല. അതിനുള്ള ഏഴു കാരണങ്ങള്‍ ചൂണ്ടികാണിക്കാം.

  1. ദുഷ്ടന്മാര്‍ പാതാളത്തിന് ആടുകളായി ഏല്‍പിക്കപ്പെട്ടിരിക്കുന്നു; പാതാളം അവരുടെ പാര്‍പ്പിടമായിരിക്കുന്നു (സങ്കീ. 49:4).
  2. പുനരുത്ഥാനം വരെ അവര്‍ യാതനാസ്ഥലത്ത് പാര്‍ക്കുന്നു (ലൂക്കോ. 16:27-31). അന്ത്യ ന്യായവിധിക്കുശേഷം അവര്‍ നിത്യാഗ്നിയിലേക്ക് തള്ളപ്പെടുന്നു (വെളി. 20:14).
  3. ദുഷ്ടന്മാര്‍ നിത്യശിക്ഷാവിധിയിലേക്ക് പോകുന്നു (ദാനി. 12:2).
  4. ഭൂമിയില്‍നിന്നും അവരുടെ ഓര്‍മ്മ ഇല്ലാതെ നശിച്ചുപോകുന്നു (ഇയ്യോ. 18:13-21; സങ്കീ. 34:16).
  5. ദുഷ്ടന്മാര്‍ മരിക്കുമ്പോള്‍ അവന്‍റെ പ്രതീക്ഷ നശിക്കുന്നു (സദൃ. 11:7).
  6. മരണാനന്തര ക്രിയകള്‍കൊണ്ട് പാപികള്‍ക്ക് മോക്ഷപ്രാപ്തിക്കായി യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല (ലൂക്കോ. 16:26).
  7. ദുഷ്ടന്മാരുടെ മരണത്തില്‍ യഹോവയ്ക്കു പ്രസാദമില്ല (യോഹ. 8:21).
    മുകളില്‍ പറഞ്ഞ ഏഴു കാരണങ്ങളാല്‍ നമ്മുടെ രക്ഷിക്കപ്പെടാത്ത രക്തബന്ധികള്‍, ബന്ധുക്കള്‍, മിത്രങ്ങള്‍, ഓരോ ദിവസവും നാമുമായി ബന്ധപ്പെടുന്നവര്‍ എന്നിവരോട് അവര്‍ ജീവിച്ചിരിക്കുമ്പോള്‍സുവിശേഷം പറഞ്ഞ് രക്ഷയിലേക്ക് ആനയിക്കേണ്ട ഉത്തരവാദിത്വം രക്ഷിക്കപ്പെട്ട നമ്മില്‍ ഓരോരുത്തരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ജ്ഞാനിയായ സോളമന്‍ പറഞ്ഞു:”വിരുന്നുവീട്ടില്‍ പോകുന്നതിനേക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവന്‍ അത് ഹൃദയത്തില്‍ കരുതിക്കൊള്ളും” (സഭാ. 7:2). മരണത്തെക്കുറിച്ചുള്ള ആന്തരിക ബോദ്ധ്യം വ്യക്തഗത ജീവിതത്തില്‍ ജ്ഞാനം പ്രാപിക്കുവാനും, ഭാവി പ്രത്യാശയില്‍ സ്ഥിരതയുള്ളവരായി വിശുദ്ധ ജീവിതം നയിക്കുവാനും നമ്മെ ഉത്തേജിപ്പിക്കുന്നു.
    മരണത്തെക്കുറിക്കുന്ന രണ്ട് ശുഭപദങ്ങളാണ് : “നിദ്രയും, നിര്യാണവും “. പഴയനിയമത്തില്‍ രാജാക്കന്മാരുടെ മരണത്തെക്കുറിച്ച് പറയുമ്പോള്‍ നിദ്രകൊണ്ടു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യെഹോരാം തന്‍റെ പിതാക്കന്മരെപ്പോലെ നിദ്രപ്രാപിച്ചു. (2 രാജ. 8:24). മരണം കര്‍ത്താവിന്‍റെ വീക്ഷണങ്ങളില്‍ ഉറക്കം അഥവാ നിദ്രയാണ്. ലാസറിന്‍റെ മരണത്തെക്കുറിച്ച് അവന്‍ നിദ്രകൊള്ളുന്നു എന്നു യേശു പറഞ്ഞു (യോഹ. 11:11-15).
    ഗ്രീക്കില്‍ നിദ്ര എന്നതിന് കൊയ്മോതെന്‍റാസ് ‘ എന്ന പദം കര്‍മ്മണിപ്രയോഗമായി ഉപയോഗിച്ചിരിക്കുന്നു (1 തെസ്സ. 4:14). “ഉറക്കികിടത്തിയവര്‍’ എന്നാണ് ഇതിന് അര്‍ത്ഥം. മരണമാകുന്ന നിദ്രയിലേക്ക് മനുഷ്യന്‍ സ്വയം പ്രവേശിച്ചതല്ല, ദൈവം അവനെ ഉറക്കിയതാണ്. അതിനാല്‍ ഒരുനാള്‍ ദൈവം തന്നെ നിദ്രകൊണ്ടവരെ മടക്കിവരുത്തും, അഥവാ ഉണര്‍ത്തും. ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തിരിക്കയാല്‍ നമ്മുടെ ഹൃദയങ്ങളില്‍ അമര്‍ത്യതയുടെയും പുനരുത്ഥാനത്തിന്‍റെയും ഉറപ്പ് ലഭിച്ചിരിക്കുന്നു.
    പൗലോസ് പറയുന്നു: “എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു” (2 തിമൊ. 4:6; 2 പത്രോ. 1:15). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന് – (അനലുസിസ്) – നാലുവിധ അര്‍ത്ഥങ്ങള്‍ പറയാം. 1) ഒരു കപ്പലിന്‍റെ പുറപ്പാടിനായി നങ്കൂരം എടുത്തുമാറ്റുക. 2) പാളയം മാറ്റി അടിക്കുക. 3) ഉഴുതുകൊണ്ടിരുന്ന മൃഗത്തിന്‍റെ നുകം അഴിച്ചുമാറ്റി സ്വതന്ത്രമാക്കുക. 4) പുറപ്പെട്ടുപോകുക. ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെട്ടുപോകുകയും, ക്രിസ്തുവിനോടുകൂടെ ആയിത്തീരുകയും ചെയ്യുകയാണ് നിര്യാണം. ദേഹവിയോഗം കൊണ്ട് ഒരു വ്യക്തി ഇല്ലാതാകുന്നില്ല, ശേഷിക്കുന്നവര്‍ക്ക് ആ ആളിന്‍റെ അസാന്നിദ്ധ്യം കാരണം ആ വ്യക്തിയുമായി ആശയവിനിമയം നഷ്ടമാകുന്നു എന്നു മാത്രം.
    (തുടരും)