
ന്യൂഡല്‍ഹി: കുറ്റവാളിയോ കുറ്റാരോപിതനോ ആകട്ടെ, ആരുടെയും വീടുകളോ നിര്‍മിതികളോ തകര്‍ക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. നടപടിക്രമം പാലിക്കാതെയുള്ള വീട് ഇടിച്ചു നിരത്തല്‍ ഭരണഘടനാ വിരുദ്ധമാണെന്നും ബുള്‍ഡോസര്‍രാജിന് തടയിട്ട് ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചു.
കോടതി ചെയ്യേണ്ട കാര്യങ്ങള്‍ സര്‍ക്കാരും ബന്ധപ്പെട്ട അതോറിറ്റികളും ഏറ്റെടുക്കാന്‍ അനുവദിക്കില്ല. ഭരണ നിര്‍വാഹകര്‍ ജഡ്ജിമാരാകേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചു.
ബി.ജെ.പി. സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയതുല്‍ ഉലമായേ ഹിന്ദ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് രണ്ടംഗ ബെഞ്ചിന്‍റെ സുപ്രധാന വിധി. ആര്‍ട്ടിക്കിള്‍ 142 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുകയും സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ കോടതിയലക്ഷ്യത്തിന് ബാധ്യസ്ഥരായിരിക്കും. നഷ്ടപരിഹാരം നല്‍കുന്നതിനു പുറമെ പൊളിച്ച വസ്തു സ്വന്തം ചെലവില്‍ ഉദ്യോഗസ്ഥര്‍ പുനര്‍ നിര്‍മിച്ചു നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ആരാണ് തെറ്റുകാരനെന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്. കുറ്റക്കാരന്‍ ആണെങ്കില്‍പ്പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും വയോധികരും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. സാവകാശം നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും കോടതി വ്യക്തമാക്കി.
വീടെന്ന സുരക്ഷിതത്വം മൗലികാവകാശമാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് അത് ഇല്ലാതാക്കുന്നത് മരവിപ്പിക്കുന്ന കാഴ്ചയാണ്. ഇത്തരം കടന്ന കൈകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടണം. കൈയേറ്റമൊഴിപ്പിക്കല്‍ അനിവാര്യമെങ്കില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നോട്ടീസ് നല്‍കണം. മറ്റ് അനധികൃത നിര്‍മ്മാണങ്ങള്‍ തൊട്ടടുത്തുണ്ടെങ്കിലും തിരഞ്ഞു പിടിച്ചു വീടുകള്‍ പൊളിക്കുന്ന രീതി സര്‍ക്കാരുകള്‍ക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സെപ്റ്റംബര്‍ 17ന് അനധികൃത പൊളിക്കലുകള്‍ക്ക് തടയിട്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാരുകള്‍ ബുള്‍ഡോസര്‍രാജ് നടപ്പാക്കുന്നത് നിയമങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ചു കയറ്റുന്നതിന് തുല്യമാണെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു.