
എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലംചെയ്തു. വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളാല്‍ കഴിഞ്ഞ ആറുമാസമായി എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഇന്ന് രാവിലെ രോഗം വഷളാവുകയും ബാവയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും പിന്നീട് കാലംചെയ്കയുമായിരുന്നു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന സഭാദ്ധ്യക്ഷനെയാണ് ബാവയുടെ വേര്‍പാടോടുകൂടെ നഷ്ടമാകുന്നത്.
പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്‍ററിന്‍റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷന്‍ സെന്‍ററുകളും പള്ളികളും വിദ്ധ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
1929 ജൂലൈ 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ എട്ട് മക്കളില്‍ ആറാമനായാണ് ജനനം. 1958 ഒക്ടോബര്‍ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലിത്തയായി. 1988ല്‍ സുന്നഹദോസ് പ്രസിഡന്‍റായി.
എല്ലാവിഭാഗം ആളുകളോടും ആഴത്തില്‍ സൗഹൃദം സൂക്ഷിച്ചിരുന്ന ശ്രേഷ്ഠബാവയ്ക്ക് രാഷ്ട്രിയ നേതാക്കളുമായും ഏറെ അടുപ്പമുണ്ടായിരുന്നു.