ലോറന്‍സിന്‍റെ മൃതദേഹത്തിന്‍റെ പേരിലുള്ള തര്‍ക്കം: പ്രശ്നപരിഹാരത്തിന് ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ചു

കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം പള്ളിയില്‍ സംസ്കരിക്കണമോ അതോ മെഡിക്കല്‍ പഠനത്തിനായി നല്‍കണമോ എന്ന കാര്യത്തില്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയില്‍ തീര്‍പ്പാക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എന്‍. സുഗുണപാലനെ ചുമതലപ്പെടുത്തുകയും ചെയ്തു. ലോറന്‍സിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്നതിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മക്കളായ ആശയും സുജാതയും നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കാനുള്ള മകന്‍ എം.എല്‍.സജീവന്‍റെ തീരുമാനം നേരത്തെ സിംഗിള്‍ബെഞ്ച് ശരിവെച്ചിരുന്നു. മരണത്തിനുമുമ്പ് ലോറന്‍സ് ഈ ആഗ്രഹം അറിയിച്ചിരുന്നുവെന്നും അതിന് സാക്ഷികളുണ്ടെന്നും വിലയിരുത്തിയായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരേയാണ് പെണ്‍മക്കളുടെ അപ്പീല്‍.
അപ്പീല്‍ പരിഗണിച്ചപ്പോള്‍ വിഷയം അടിസ്ഥാനപരമായി കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കുറഞ്ഞപക്ഷം മരിച്ചയാളോടെങ്കിലും ആദരം കാട്ടേണ്ടതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മൃതദേഹം കൊച്ചി ഗവ. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

slot88 slot 4d