
ന്യൂഡല്‍ഹി: സംവരണം നേടുകയെന്ന ലക്ഷ്യത്തോടെ മാത്രം മതംമാറുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണെന്ന് സുപ്രീംകോടതി. ക്രിസ്തുമതം സ്വീകരിച്ചശേഷം ഹിന്ദുവാണെന്നവകാശപ്പെട്ട് പുതുച്ചേരി സ്വദേശിനി നേടിയ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതിവിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഒരാള്‍ മതംമാറുന്നത് അതിലെ തത്ത്വങ്ങളും ആത്മീയചിന്തകളും യഥാര്‍ത്ഥത്തില്‍ സ്വാധീനിക്കപ്പെടുമ്പോഴാണെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ശരിയായ വിശ്വാസത്തിനു വേണ്ടിയല്ലാതെ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കാന്‍ മാത്രമായി മതംമാറുന്നതിനോട് യോജിക്കാനാവില്ല. അത്തരം ദുരുദ്ദേശ്യമുള്ളവരിലേക്കും ആനുകൂല്യമെത്തുന്നത് സംവരണനയങ്ങളെ പരാജയപ്പെടുത്തുമെന്ന് കോടതി പറഞ്ഞു.
പരാതിക്കാരിയായ സി.സെല്‍വറാണി ക്രിസ്തുമതത്തിലേക്ക് മാറിയിരുന്നെന്നും കൃത്യമായി പള്ളിയില്‍ പോയിരുന്നെന്നും വ്യക്തമാണ്. എന്നിട്ടും ജോലിക്കായി അവര്‍ ഹിന്ദുവും പട്ടികജാതിയുമാണെന്ന് അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ്. പരാതിക്കാരിയുടെ നടപടി പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനമെന്ന സംവരണ നയങ്ങളുടെ അന്തഃസത്തയ്ക്ക് എതിരാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
സെല്‍വറാണിയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്. ജനിച്ച് അധികം വൈകാതെ മാമോദിസാ ചടങ്ങളിലൂടെ അവര്‍ ക്രിസ്ത്യാനിയായി. 2015-ല്‍ പുതുച്ചേരിയിലെ യു.ഡി.ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനാണ് അവര്‍ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടിയത്. സെല്‍വറാണി പിന്നീട് ഹിന്ദുവായതിന് തെളിവൊന്നും സമര്‍പ്പിക്കാനായില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.