വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യകൂപ്പണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യസാന്ദ്രതാഅലവന്‍സായി കിറ്റുകള്‍ക്ക് പകരം ഭക്ഷ്യകൂപ്പണുകള്‍ നല്‍കാന്‍ ഉത്തരവായി. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഭക്ഷ്യവിഹിതം കൂപ്പണുകളായി ലഭിക്കും.
സ്കൂളുകളില്‍ നിന്ന് വിതരണം ചെയ്യുന്ന കൂപ്പണുകളുമായി രക്ഷകര്‍ത്താക്കള്‍ക്ക് സപ്ലൈകോ വില്‍പനശാലയില്‍ പോയി ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങാം. ഉടന്‍ തന്നെ കൂപ്പണുകള്‍ തയാറാക്കി സ്കൂളുകളിലെത്തിക്കും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കൂപ്പണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് റേഷന്‍കാര്‍ഡിന്‍റെ നമ്പര്‍ കൂടി സ്കൂള്‍ തലത്തില്‍ കൂപ്പണില്‍ രേഖപ്പെടുത്തും. കോവിഡ് സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കായി ഭക്ഷ്യക്കിറ്റ് തയാറാക്കേണ്ട ചുമതലയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് തയാറാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്. പ്രീ പ്രൈമറി, പ്രൈമറി വിഭാഗം കുട്ടികള്‍ക്കുള്ള ഭക്ഷ്യ അലവന്‍സ് 300 രൂപക്കും അപ്പര്‍പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപക്കും സാധനം വാങ്ങാം.